d

തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മ എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ലെന്ന ചോദ്യം കേരളത്തെ അലട്ടുന്നതാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി. ദിവാകരൻ പറഞ്ഞു. ജെ.എസ്.എസ് സോഷ്യലിസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന കെ.ആർ. ഗൗരിഅമ്മ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ അർഹമായ പരിഗണന കിട്ടിയോ എന്ന് അവർ വിടവാങ്ങി ഒരു വർഷം തികയുന്ന ഈ ഘട്ടത്തിലെങ്കിലും ആലോചിക്കണം. ഗൗരിഅമ്മയെ പോലെ ടി.വി. തോമസും മുഖ്യമന്ത്രി ആകേണ്ട നേതാവായിരുന്നു. ഇ.എം.എസ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയേക്കാൾ ആഴമേറിയ നിലപാടുകൾ ഉള്ള ഭരണാധികാരിയായിരുന്നു ഗൗരിഅമ്മ. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വന്നയാളല്ല. സി.പി.ഐ യുടെയും സി.പി.എമ്മിന്റെയും അടിവേര് തേടിയാൽ ഗൗരിഅമ്മയിലാണ് എത്തുക. അമ്മയായില്ലെങ്കിലും അവർ കേരളീയരുടെ അമ്മയായി. എന്നാൽ, അവർക്ക് നമ്മൾ എന്തു നൽകി എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകേന്ദ്രത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഇന്ന് നിഗൂഢമായ വിധം ജാതിചിന്ത നിലനിൽക്കുകയാണ്. ഉടുപ്പിട്ട ജാതിചിന്തയാണ് ഇന്നുള്ളത്. ജാതിയിലേക്ക് വഴുതി വീണാൽ അപകടം ഏറെയാണ്. വർഗ്ഗസമരത്തിന് പകരം വർഗീയ സമരത്തിലാണ് പലർക്കും താത്പര്യം. കേരളത്തിന്റെ സമ്പത്താണ് ഗൗരിഅമ്മ. അവർക്ക് ജാതി താത്പര്യമുണ്ടായിരുന്നില്ല. വർഗതാത്പര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഗൗരിഅമ്മയെക്കുറിച്ച് സമഗ്രമായ ഗ്രന്ഥം തയ്യാറാക്കി വരുംതലമുറയ്ക്ക് സമർപ്പിക്കണം. തലസ്ഥാനത്ത് ഗൗരിഅമ്മയുടെ പ്രതിമ സ്ഥാപിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.എച്ച്. സത്‌ജിത് അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് മുൻ പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ്, ഇടുക്കി വാസുദേവൻ, എൻ. ബാഹുലേയൻ, ദിലീപ് തമ്പി, എലിസബത്ത്, ബേബി ഗിരിജ, വെഞ്ഞാറമൂട് സുദർശനൻ, വാവറമ്പലം അജി എന്നിവർ സംസാരിച്ചു.