തിരുവനന്തപുരം: അമ്പലമുക്കിലെ പ്ളമ്പിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ നേമം ചാട്ടുമുക്ക് ലക്ഷ്മി നിലയത്തിൽ സതീഷ് കുമാർ (59) കാർഗോ ലിഫ്റ്റിൽ തലകുടുങ്ങി മരിക്കാനിടയായത് സുരക്ഷാ വീഴ്ചയും അശ്രദ്ധയും കാരണമെന്ന് പ്രാഥമിക നിഗമനം. പേരൂർക്കട പൊലീസിന്റെയും ചെങ്കൽചൂള ഫയർ സ്റ്റേഷൻ ഓഫീസറുടെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെ എസ്.കെ.പി സാനിട്ടറി സ്റ്റോറിലായിരുന്നു അപകടം. കാർഗോ ലിഫ്റ്റിൽ മതിയായ സുരക്ഷാ സംവിധാനമില്ലാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. ഈ ലിഫ്റ്റിൽ ആരും സഞ്ചരിക്കാൻ പാടില്ല . രണ്ടാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് പോകുന്നതിനായി രോഗിയായ സതീഷ് കുമാർ ലിഫ്റ്റിൽ പ്രവേശിച്ചതായാണ് കരുതുന്നത്. മറയോ ചുറ്റുവേലിയോ ഇല്ലാത്ത ഓപ്പൺ ലിഫ്റ്റിലായിരുന്നു അപകടം. സതീഷ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.