
തിരുവനന്തപുരം: ചാർജ് വർദ്ധന നിലവിൽ വന്ന് 11 ദിവസം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയുടെ ചില സർവീസുകളിൽ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്കാണെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് മന്ത്രി ആന്റണി രാജുവിന് പരാതി നൽകി. ആര്യങ്കാവ് നിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, പന്തളത്തു നിന്നുള്ള കായംകുളം- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, എറണാകുളത്തു നിന്നുള്ള കമ്പംമേട്, ഈരാറ്റുപേട്ട, മൂന്നാർ, കുമിളി, നെടുങ്കണ്ടം തുടങ്ങിയ സർവീസുകളിലാണിത്. ഓപ്പറേഷൻ വിഭാഗത്തിന്റെ അലംഭാവം കൊണ്ട് സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ആവശ്യപ്പെട്ടു.