
വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ പിരിവ് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മിഷൻ ബി.എച്ച്. മൻസൂർ സ്ഥലം സന്ദർശിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ടോൾ പിരിവിനെതിരെ കമ്മിഷന് മുന്നിൽ പരാതി നിരത്തി. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി കമ്മിഷനെ നിയമിച്ചത്. കഴക്കൂട്ടം മുതൽ മുക്കോല പോറോഡ് വരെ അദ്ദേഹം സഞ്ചരിച്ചു റോഡിന്റെ നിർമ്മാണം കണ്ടു. അശാസ്ത്രീയമായാണ് ടോൾ പിരിവ് നടത്തുന്നതെന്നും കോവളം മുതൽ മുക്കോല വരെയുള്ള റോഡ് അടച്ചുവച്ചിരിക്കുകയാണെന്നും ജനപ്രതിനിധികൾ കമ്മിഷനെ അറിയിച്ചു. കോവളത്തെ ഓട്ടോറിക്ഷാ തൊഴിലാളികളിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു. നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു.