
വിഴിഞ്ഞം: വെള്ളായണി കായൽ നവീകരണ പദ്ധതിക്കായി ഹൈഡ്രോഗ്രാഫിക് വിഭാഗം സർവേ ആരംഭിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി ഡി.പി.ആർ തയ്യാറാക്കുന്നതിനാണ് സർവേ. കായൽ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
കായലിന്റെ ആഴംകൂട്ടുന്നതിനും കൈത്തോടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചത്. കൂടുതൽ ജലം ഉൾക്കൊള്ളുന്നതിനായി കായലിലെ ചെളി നീക്കംചെയ്ത് ഒരു മീറ്റർ ആഴം കൂട്ടും. അതിർത്തി നിർണയിച്ച് സംരക്ഷണഭിത്തി നിർമ്മിക്കും. അതിർത്തി നിർണയത്തിനായി റവന്യൂ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു.
കായലിന്റെ ഇരുവശങ്ങളും ഇടിയുന്നത് തടയാൻ കരിങ്കൽ ഭിത്തി കെട്ടും. കാക്കമൂലയിലും വവ്വാമൂലയിലും വേർപിരിയുന്ന കായലിനെ തമ്മിൽ ബന്ധിപ്പിക്കാൻ വവ്വാമൂലയിൽ പാലം നിർമ്മിക്കും. കായലിന്റെ പ്രധാനസ്രോതസുകളായ കൈത്തോടുകൾ കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ട്.
ഇലക്ട്രിക് ഡിങ്കി ബോട്ടിലാണ് സർവേ നടത്തുന്നത്. ദിവസവും 8 മണിക്കൂറോളം നടത്തുന്ന സർവേ ഇന്നലെയാണ് ആരംഭിച്ചത്. 10 ദിവസം തുടരും.