
കല്ലമ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലം ടൗണിനെ രണ്ടായി വിഭജിക്കുന്ന തരത്തിൽ കെട്ടി അടച്ചുള്ള മേൽപാലം നിർമ്മിക്കാതെ പില്ലറിലുള്ള മേൽപാലം നിർമ്മിച്ച് വ്യാപാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരന് നിവേദനം നൽകി. ദേശീയ പാതയിലെ പ്രധാന കച്ചവട കേന്ദ്രമാണ് കല്ലമ്പലം. വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണം നടക്കുമ്പോൾ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടവും ബുദ്ധിമുട്ടും മന്ത്രിയെ ധരിപ്പിച്ചു.
മേൽപാലത്തിന്റെ അടിഭാഗം മണ്ണിട്ട് നിറച്ച് കെട്ടി അടയ്ക്കുന്ന പദ്ധതിയാണ് ഇപ്പോൾ തയാറാക്കിയ രൂപരേഖയിൽ ഉള്ളത്. ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള മറ്റൊരു രൂപ രേഖയാണ് വ്യാപാരികളും വിവിധ സംഘടനകളും മുന്നോട്ട് വെയ്ക്കുന്നത്. ഇതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഒറ്റപ്പെടും. മേൽപാലം പില്ലറുകൾ കെട്ടി നിറുത്തി അടിഭാഗം തുറന്നിട്ടാൽ വ്യാപാര സ്ഥാപനങ്ങളിൽ ജനത്തിന് എത്താനും വാഹനങ്ങൾ പാർക്ക് ചെയ്യാനും വലിയ സൗകര്യം ഉണ്ടാകും. സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂ ഉടമയ്ക്ക് നഷ്ട്ട പരിഹാരം നൽകുന്നതോടൊപ്പം വ്യാപാരികൾക്കും തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്കും നഷ്ട പരിഹാരം നൽകണമെന്നാവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.