
വിതുര: കേന്ദ്രപരിസ്ഥിതിമന്ത്രാലയം പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വിതുര പഞ്ചായത്തിലെ 5 വാർഡുകൾ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിതുരയിൽ ജനകീയപ്രക്ഷോഭം ശക്തമാക്കുന്നു. പഞ്ചായത്തിലെ മണിതൂക്കി, കല്ലാർ, പേപ്പാറ, ബോണക്കാട്, മരുതാമല വാർഡുകളെയാണ് പരസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനവാസമേഖലകളെയാണ് പരിസ്ഥിതിലോലപ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് നാട്ടുകർപറയുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തിന്റെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടേയും വിവിധ രാഷ്ട്രീയകക്ഷികളുടേയും നേതൃത്വത്തിൽ സർക്കാരിനും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും നിവേദനം നൽകി. പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ നിന്നം വിതുര പഞ്ചായത്തിനെ ഒഴിവാക്കും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനാണ് ജനകീയകൂട്ടായ്മയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മാർച്ച്, പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാത ഉപരോധം,ഹർത്താൽ എന്നിവയുൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. വ്യാപകമായി പരാതികൾ ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാവാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭായോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. ഗ്രാമസഭയിൽ പങ്കെടുത്തവർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയർത്തിയത്.
നേരത്തെ പൊൻമുടി മെർക്കിസ്റ്റൺ മേഖലയെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളെ സംബന്ധിച്ച് സർക്കാർ കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയർന്നതോടെ റിപ്പോർട്ട് പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ റിപ്പോർട്ട് ഈയാഴ്ച കേന്ദ്രത്തിന് സമർപ്പിക്കാനാണ് തീരുമാനം. ഈ റിപ്പോർട്ടിൽ ജനവാസമേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതിലോലമേഖലകളിൽ നിന്നും വിതുര പഞ്ചായത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും നിവേദനം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് വ്യക്തമാക്കി.
വിതുര പഞ്ചായത്തിലെ അഞ്ച് വാർഡുകളെയും പരിസ്ഥിതിദുർബലപ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷികളുടേയും നേതൃത്വത്തിൽ വിതുരയിൽ ധർണയും പൊതുയോഗവും നടത്തി.പൊതുയോഗം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, വാർഡ്‌മെമ്പറുമാരായ സുനിത.ഐ.എസ് (കല്ലാർ), ലൗലി.ജെ.എസ്(മണിതൂക്കി), ആർ.വൽസല(ബോണക്കാട്), ജി.ഗിരീഷ്കുമാർ (മരുതമാല),എസ്.ലതാകുമാരി(പേപ്പാറ), നീതുരാജീവ് (കൊപ്പം), മാൻകുന്നിൽപ്രകാശ്(ചേന്നൻപാറ), സന്ധ്യാജയൻ (തേവിയോട്), മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,ഫെഡറേഷൻസ് ഓഫ് റസിഡന്റ് സ്അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി കല്ലാർ അജിൽകുമാർ,ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി.അശോക് കുമാർ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ് എന്നിവർ പങ്കെടുത്തു.