mukthar
മുക്താർ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. ഓൺലൈൻ പേയ്മെന്റ് നടത്തിയതിന്റെ രണ്ട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് ആനയറയിലെ ഇരുമ്പ് കടയിൽ നിന്ന് 18 ലക്ഷം രൂപയുടെ കമ്പി കടത്തിക്കൊണ്ട് പോയ മലപ്പുറം പടിഞ്ഞാറ്റകം കവുങ്ങൽകണ്ടി വീട്ടിൽ മുക്താറിനെ (32) കടയുടമ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമാനരീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയ മറ്റൊരു സ്ഥാപനത്തിൽ തിരികെ നൽകാനാണ് കമ്പി കടത്തിക്കൊണ്ട് പോയതെന്നാണ് വിവരം.

മേയ് ആറിന് വൈകിട്ട് നാലു മണിയോടെയാണ് അനി പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ആനയറ ലോർഡ്സ് ജംഗ്ഷനിലുള്ള മാസ് ട്രേഡേഴ്സിൽ കോൺട്രാക്ടർ എന്നു പരിചയപ്പെടുത്തി കമ്പി വാങ്ങാനെന്ന വ്യാജേന മുക്താർ ലോറിയുമായി എത്തിയത്. 21 ടണ്ണിലധികം കമ്പി വാങ്ങി.

കമ്പിയുടെ വിലയായി ഐ.സി.ഐ.സി.ഐ ബാങ്ക് വഴി അനിയുടെ കടയുടെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 18,02,000 രൂപയുടെ പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചു. തന്റെ സുഹൃത്താണ് തുക അക്കൗണ്ടിലേക്ക് നൽകിയതെന്നും ആ സ്ക്രീൻ ഷോട്ടാണ് താൻ അയയ്ക്കുന്നതെന്നുമാണ് മുക്താർ അനിയോട് പറഞ്ഞത്.

പെരുമാറ്റത്തിൽ അസ്വഭാവികതയൊന്നും തോന്നാതിരുന്നതിനാൽ കടയുടമ മുക്താറിനെ സംശയിച്ചില്ല. കൂടുതൽ കമ്പി ആവശ്യമുണ്ടെന്നും അടുത്ത ദിവസം വരുമെന്നും പറഞ്ഞു. വലിയ തുകയായതിനാലാണ് അക്കൗണ്ടിലേക്ക് പണം വരാൻ വൈകുന്നതെന്ന് ഇയാൾ അനിയെപറഞ്ഞു വിശ്വസിപ്പിച്ച് ലോഡുമായി പോയി. പിറ്റേന്ന് അനിയെ അങ്ങോട്ട് വിളിച്ച് അക്കൗണ്ടിലേക്ക് പണം കൈമാറിയതിൽ ഇടപാട് തെറ്റിപ്പോയെന്നും പകരം ചെക്ക് തരാമെന്നും അറിയിച്ചു. കടയിൽനേരിട്ടെത്തി ഇരുപത് ലക്ഷം രൂപയുടെ ചെക്ക് നൽകി.

പക്ഷേ ചെക്ക് മടങ്ങിയതോടെയാണ് തട്ടിപ്പാണെന്ന് അനിയ്ക്ക് സംശയം തോന്നിയത്. തുടർന്ന് അനി പേട്ട പൊലീസിൽ പരാതി നൽകുകയും പ്രതിയെ വിളിച്ചുവരുത്തി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. നേരത്തെ തട്ടിപ്പ് നടത്തിയ മറ്റൊരു സ്ഥാപനത്തിൽ തിരികെ കൊടുക്കാനാണ് കമ്പി തട്ടിയെടുത്തതെന്നാണ് മുക്താർ പൊലീസിന് നൽകിയ മൊഴി. അതു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ശംഖുംമുഖം അസിസ്റ്റൻഡ് കമ്മിഷണർ പൃഥ്വിരാജ്, പേട്ട ഐ.എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐമാരായ രതീഷ്, സുനിൽ, സി.പി.ഒമാരായ രഞ്ജിത്ത്, വിപിൻ, അനിൽ, ഷൈൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.