
മുടപുരം: വീടിന്റെ തിണ്ണയും അടുക്കളയും പൊളിച്ച് ഉറ്റവരുടെ മൃതദേഹം മറവ് ചെയ്യേണ്ട അവസ്ഥയിലാണ് അഴൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പഞ്ചായത്തിലെ കോളിച്ചിറയിൽ മരിച്ച ഒരാളുടെ മൃതദേഹം വീട്ടുമുറ്റത്ത് തിണ്ണയോട് ചേർന്ന് മറവ് ചെയ്യേണ്ടിവന്നു. ഇതോടെ പ്രദേശത്ത് പൊതു ശ്മശാനം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം വീണ്ടും ഉയർന്നു.
ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനം സ്ഥാപിക്കാൻ കഴിയാത്തത്. അനേക വർഷങ്ങളായി ഇതിനുള്ള തുക പഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തുന്നുണ്ടെങ്കിലും പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നില്ല. ജനസാന്ദ്രതയേറിയ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിലായി 30000 ലധികം ജനങ്ങൾ താമസിക്കുന്നുണ്ട്. 9500ൽ പരം വീടുകളുണ്ട്. 9വലിയ കോളനികളും 7 ചെറിയ കോളനികളും അടങ്ങുന്ന ഈ പഞ്ചായത്തിൽ ഒട്ടേറെ കുടുംബങ്ങൾ രണ്ടും മൂന്നും സെന്റ് ഭൂമിയിലാണ് വീട് വച്ച് താമസിക്കുന്നത്. ഇത്തരത്തിൽ സ്ഥലമില്ലാത്തവരും കായലിനോട് ചേർന്ന് വെള്ളക്കെട്ടുള്ള ഭാഗത്ത് താമസിക്കുന്നവരും പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ സംസ്കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
പ്രദേശത്തെ കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ തിരുവനന്തപുരത്തോ മുട്ടത്തറയിലോ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മശാനത്തിലോ പോകേണ്ട അവസ്ഥയാണ്. ഇതിന് പഞ്ചായത്ത് മെമ്പറുടെ കത്തും കരുതണം. പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വസ്തു വിട്ടു നൽകി പൊതുശ്മശാനം സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിന് ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണം. വെയിലൂർ, ശാസ്തവട്ടം, ഗാന്ധിസ്മാരക കേന്ദ്രം തുടങ്ങി പല ഇടങ്ങളിലും സർക്കാർ ഭൂമികൾ ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ട്. അത് വിട്ടുനൽകേണ്ട നടപടി ഗ്രാമപഞ്ചായത്ത് കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെയിലൂർ, ഗാന്ധി സ്മാരകം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റവന്യൂ ഭൂമി ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചു. സ്ഥലം ലഭിക്കുന്നതിനായി ഊർജിത ശ്രമം നടത്തുന്നുമുണ്ട്. സ്ഥലം കിട്ടിയാൽ പഞ്ചായത്ത് ഫണ്ടും ഇതര ഫണ്ടും വിനിയോഗിച്ച് ആധുനിക രീതിയിലുള്ള പൊതുശ്മശാനം സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ഉറപ്പുനല്കുന്നുണ്ട്.
ചുരുങ്ങിയ സ്ഥലം ഉപയോഗിച്ച് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നു. പൂന്തോട്ടം, ഓഫീസ് കെട്ടിടം, അന്തിമോപചാരം അർപ്പിക്കാനുള്ള സ്ഥലം, ദഹിപ്പിക്കാനുള്ള കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടുത്താം. പുകയോ ദുർഗന്ധമോ ഇവിടെ ഉണ്ടാകില്ല. റവന്യു ഭൂമി ലഭിച്ചില്ലെങ്കിൽ ജനസാന്ദ്രത കുറഞ്ഞ പ്രദേശം ഇതിനായി കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് അടിയന്തര ശ്രമം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.