കാട്ടാക്കട:കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന്റെ ഇന്നത്തെ സ്ഥിതി വളരെ ദയനീയമാണ്.അമ്പൂരി മുതൽ വിളപ്പിൽ വരെയും അഗസ്ത്യവനത്തിലെ ആദിവാസി മേഖല മുതൽ തലസ്ഥാന അതിർത്തിവരെയുള്ള വിശാലമായ പ്രദേശത്തിന്റെ വാണിജ്യകേന്ദ്രമായിരുന്നു കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിനാണ് ഈ അവഗണനയുടെ ദുരിതം അനുഭവിക്കേണ്ടി വന്നത്. കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും 200 വർഷത്തോളം പഴക്കമുള്ളതുമാണ് കാട്ടാക്കട മാ‌ർ

ക്കറ്റ്. പൂവച്ചൽ പഞ്ചായത്തിന് ഏറെ വരുമാനം നൽകിയിരുന്ന മാർക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷങ്ങളാണ് ഇവിടത്തെ നവീകരണത്തിന് വേണ്ടി പഞ്ചായത്ത് ചെലവഴിച്ചത്.

എന്നാൽ ദിവസവും ആയിരങ്ങളെത്തുന്ന മാർക്കറ്റിൽ പ്രഥമികാവശ്യം നിറവേറ്റാനായി ടോയ്ലെറ്റിൽ പോയാൽ ബോധം പോകുമെന്ന അവസ്ഥയാണ്. ശുചിത്വവും, ബോധവത്കരണവും നടത്തുന്ന അധികൃതരുടെ ശുഷ്കാന്തി നേരിട്ട് ബോദ്ധ്യമാകണമെങ്കിൽ ഈ പൊതു ടോയ്ലെറ്റിനു മുന്നിലെത്തണം. ഈ ടോയ്ലെറ്റ് കെട്ടിടത്തിനുള്ളിൽ മരപ്പട്ടിയും ഇഴജന്തുക്കളും വാസമുറപ്പിച്ചിരിക്കുകയാണ്.
ദിനംപ്രതി മാർക്കറ്റിനുള്ളിൽ വൻതോതിലാണ് മാലിന്യം കുന്നുകൂടുന്നത്.എന്നാൽ മാലിന്യം സംസ്ക്കരണത്തിനായി നിർമ്മിച്ച കെട്ടിടം പോലും ഇതേവരെ തുറന്നിട്ടില്ല.ഇക്കണക്കിന് പോയാൽ

മാ‌‌ർക്കറ്റിൽ പതിവായി എത്തുന്നവർക്കും,വ്യാപാരികൾക്കും,സമീപ പ്രദേശത്ത് താമസിക്കുന്നവർക്കും പകർച്ചവ്യാധി പിടിപെടുമെന്നതിൽ സംശയം വേണ്ട.

വരുമാനം നിലച്ചു

കൊവിഡ് നിയന്ത്രണങ്ങളിൽ മാ‌ർക്കറ്റ് മാസങ്ങളോളം അടച്ചിട്ടപ്പോൾ കച്ചവടക്കാരും, ഉപഭോക്താക്കളും മാ‌ർക്കറ്റിൽ വരാതെയായി. രണ്ട് വലിയ ആഴ്ച ചന്തകളും, എല്ലാ ദിവസവും രാവിലെയും വൈകിട്ടും ചേർന്നിരുന്ന ചെറിയ ചന്തകളും, മാട്ടുചന്തയുമൊക്കെയായി സജീവമായിരുന്നതാണ്. വർഷം 25 ലക്ഷത്തോളം രൂപയുടെ നികുതി വരുമാനം എത്തിയിരുന്ന ചന്തയിൽ നിന്ന് പൂവച്ചൽ പഞ്ചായത്തിന് ഇപ്പോൾ കുടുംബശ്രീ വഴി ലഭിക്കുന്നത് നാമമാത്ര തുകയാണ്.

കച്ചവടം നാമമാത്രം

രണ്ടേക്കറോളം വരുന്ന മാ‌ർക്കറ്റിൽ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോൾ കച്ചവടക്കാരുള്ളത്. സ്റ്റാളുകളിൽ ആളില്ല. തമിഴ്നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമൊക്കെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചച്ചന്തയിലെത്തിയിരുന്ന കച്ചവടക്കാർ ഇപ്പോൾ എത്തുന്നില്ല. മത്സ്യ കച്ചവടക്കാരും ചെറു കച്ചവടക്കാരുമൊഴിഞ്ഞു. പത്ത് വർഷം മുമ്പ് കാട്ടാക്കട മാർക്കറ്റിനെ അന്താരാഷ്ട മാർക്കറ്റായി ഉയർത്തുന്നതിലേക്കായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു.കാട്ടാക്കട അന്താരാഷ്ട്ര മാർക്കറ്റായി ഉയർത്തുന്നതിനായി പ്രാഥമിക നടപടികളും ആരംഭിച്ചു. എന്നാൽ പിന്നീട് തർക്കങ്ങൾ വന്നതോടെ അന്താരാഷ്‌ട്ര മാർക്കറ്റ് എന്നത് ഫയലുകളിൽ കുരുങ്ങി.