തിരുവനന്തപുരം: അംഗപരിമിതനും രോഗിയുമായ ആളെ പൊലീസ് ജീപ്പിനകത്തേക്ക് പിടിച്ചുതള്ളിയ ബാലരാമപുരം എസ്.ഐ ഹരിലാലിനെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. എസ്.ഐ പിടിച്ചുതള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്നാണ് തിരുമല വലിയവിള സ്വദേശി ഷംനാദിന്റെ പരാതി. ഡിവൈ.എസ്.പി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

സിവിൽ തർക്കത്തിൽ എസ്.ഐ ജാഗ്രതയോടെയല്ല പ്രവർത്തിച്ചതെന്നും സംഭവം യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും ഉത്തരവിലുണ്ട്. ഷംനാദിന് ലൈഫ് പദ്ധതിയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിച്ചിരുന്നു. ബാലരാമപുരം തേമ്പാമൂട്ടിൽ വീട് നിർമ്മാണം നടക്കുന്നതിനിടെ 2021ഒക്ടോബർ 20ന് വൈകിട്ട് ബാലരാമപുരം എസ്.ഐയും മൂന്ന് പൊലീസുകാരും സ്ഥലത്തെത്തി ദേഹോപദ്റവം ഏല്പിച്ചെന്നാണ് പരാതി. അയൽവാസിയായ സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി.

വീട് നിർമ്മിക്കുന്ന സ്ഥലത്തെ നിർമ്മാണം കോടതി തടഞ്ഞിട്ടുണ്ടെന്ന കാര്യം അന്വേഷിക്കാനാണ് എസ്.ഐ എത്തിയതെന്നും നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു. ജീപ്പിലേക്ക് കയ​റ്റാൻ ശ്രമിച്ചപ്പോഴാണ് ബാലൻസ് തെ​റ്റി വീണത്. ഷംനാദ് അംഗപരിമിതനാണെന്ന് എസ്.ഐക്ക് അറിയില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്.ഐക്ക് ജാഗ്രതക്കുറവുണ്ടായെന്നും വകുപ്പുതലത്തിൽ താക്കീത് നൽകിയെന്നുമുള്ള റിപ്പോർട്ട് തള്ളിയാണ് പുനരന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടത്.