v

തിരുവനന്തപുരം : സംസ്ഥാനത്ത് ചില ജില്ലകളിൽ തക്കാളിപ്പനി (ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ്) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ കൈവെള്ള,പാദം,വായ,ചുണ്ട് എന്നിവിടങ്ങളിൽ കണ്ടുവരുന്ന വൈറസ് രോഗമാണിത്. ചിലപ്പോൾ മുതിർന്നവരിലും കാണാറുണ്ട്. അപകടസാദ്ധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകും.

രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ,തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം,രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരും. ചികിത്സിച്ചാൽ പരമാവധി പത്ത് ദിവസം കൊണ്ട് ഭേദമാകും.

 ലക്ഷണങ്ങൾ

 പനി, ക്ഷീണം, സന്ധിവേദന,

 കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പും

 വയറുവേദന,ഓക്കാനം,ഛർദ്ദി,വയറിളക്കം

 ശക്തമായ പനി,കഠിനമായ ക്ഷീണം,അസ്വസ്ഥത,കൈകാലുകളിലെ രക്ത ചംക്രമണത്തിനു തടസം

ശ്രദ്ധ വേണം

 മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം

 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടണം

 രോഗബാധിതരായ കുട്ടികളെ വിദ്യാലയങ്ങളിൽ വിടരുത്

 കുളിപ്പിക്കുമ്പോൾ കുമിള പൊട്ടിക്കരുത്

 വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ തണുപ്പുള്ള ഭക്ഷണം ഉചിതം

 നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം