പിറവം: ആത്മീയതയിൽ മാത്രമല്ല, ശാസ്ത്രീയതയിലും ലോകത്തിന് വഴികാട്ടിയത് ഭാരതമാണെന്ന് വിജ്ഞാൻഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ. വെളിയനാട് ചിന്മയ വിശ്വവിദ്യാപീഠത്തിൽ ആസാദി കാ അമൃതോത്സവത്തിന്റെ ഭാഗമായി സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ 'സ്വതന്ത്രതയും സയൻസും' എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രയാവുന്നതിനും ഏറെ മുമ്പുതന്നെ സ്വദേശി സയൻസിൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു ഭാരതം. എല്ലാ മേഖലയിലും ശാസ്ത്ര പുരോഗതി കൈവരിച്ചിരുന്ന നാടാണിത്. വൈദേശിക ശക്തികൾ ഭാരതത്തെ ആക്രമിച്ച് അടക്കി ഭരിച്ചപ്പോൾ അതിനെല്ലാം നാശം സംഭവിച്ചു. സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വർഷം പിന്നിട്ടിട്ടും സ്വദേശി ശാസത്ര രംഗത്ത് വേണ്ട അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞുപോയ ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം സ്വദേശിശാസത്രത്തെക്കുറിച്ചു യുവാക്കളെ ബോധവത്കരിക്കാനും അതിലൂടെ ആത്മനിർഭര ഭാരതം സൃഷ്ടിക്കാനും ഉള്ള അവസരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരും പങ്കെടുത്തു.
ക്യാപ്ഷൻ: പിറവം വെളിയനാട് ചിന്മയ വിശ്വവിദ്യാപീഠത്തിൽ നടന്ന അമൃതോത്സവ പരിപാടിയിൽ വിജ്ഞാൻഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ സംസാരിക്കുന്നു