
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കോതയാറിൽ കാട്ടാനയെ മരിച്ച നിലയിൽ കണ്ടെത്തി. കോതയാർ, മോതിരമലയ്ക്കടുത്ത് കോലഞ്ചിമഠത്തിലാണ് കാട്ടാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. 60 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.
മുൻവശത്തെ വലതുകാലിൽ പരിക്കുള്ള ആന ദിവസങ്ങൾക്ക് മുൻപേ മറ്റ് അനകൾക്കൊപ്പം കോതയാറിൻ ചുറ്റുമുള്ള ആദിവാസി മേഖലയിൽ വരുന്നത് പതിവായിരുന്നു. എന്നാൽ ഇന്നലെ രാവിലെ ഒറ്റയ്ക്ക് എത്തിയ ആന കോലാഞ്ചിമഠത്തിൽ എത്തിയപ്പോൾ ക്ഷീണിതയായി തറയിൽ കിടന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് ഉച്ചയായപ്പോൾ ആന എഴുന്നേൽക്കാത്തതിനെതുടർന്ന് നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എ.സി.എഫ് ശിവകുമാർ, റേഞ്ചർ ഭൂപതി എന്നിവർ ആനയെ പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചു. ഇന്ന് മൃഗ ഡോക്ടർമാർ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം സംസ്കരിക്കും.