
കോഴിക്കോട്: നെല്ലിക്കോട് കാട്ടുകുളങ്ങര തേക്കെപാട്ടുമിത്തൽ ഒഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസനാണ് അന്വേഷണ സംഘത്തലവൻ.
ദേശീയപാതയിൽ തൊണ്ടയാടിനും പാലാട്ട് കാവിനും ഇടയിലായി കൊടമോളിക്കുന്നിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ആൾ താമസമില്ലാത്ത സ്ഥലം അളക്കുന്നതിന്റെ ഭാഗമായി കാട് വെട്ടിത്തെളിച്ചപ്പോഴാണ് വെടിയുണ്ടകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. 266 വെടിയുണ്ടകളും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 0.22 റൈഫിൾസിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം.
റൈഫിൾ ക്ളബിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. എന്നാൽ ഇവിടെ പരിശീലനത്തിന് സൗകര്യമില്ല. വെടിയുണ്ട കണ്ടെത്തിയ സ്ഥലം ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും ചുറ്റിലും അടുത്തടുത്ത് വീടുകളുണ്ട്. മറ്റെവിടെയെങ്കിലും ഉപയോഗിച്ചതിന് ശേഷം കാടുപിടിച്ച കിടക്കുന്ന സ്ഥലമെന്നനിലയിൽ ഉപേക്ഷിച്ചതാവാനാണ് സാദ്ധ്യതയെന്നാണ് പ്രാഥമിക നിഗമനം. തീവ്രവാദ ബന്ധം ചില സംഘടനകൾ ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എങ്കിലും വെടിയുണ്ടകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. സംസ്ഥാനത്ത് ഇത്രയധികം വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. എല്ലാ സാദ്ധ്യതകളും അന്വേഷിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
.