photo1

നെടുമങ്ങാട്: പ്രാചീന വാണിജ്യ പാതയെന്ന് ചരിത്ര രേഖകളിൽ എഴുതപ്പെട്ട പഴകുറ്റി - മംഗലപുരം റോഡ് നവീകരണം പുരോഗമിക്കുന്നു. ഇതിലൂടെ വീണ്ടെടുക്കുന്നത് മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ പാതയാണ്.

മാർത്താണ്ഡ വർമ്മ പടയോട്ടത്തിനായി യൂറോപ്യൻ മാതൃകയിൽ വാർത്തെടുത്ത സേനാവ്യൂഹത്തിന് ആവശ്യമായ യുദ്ധോപകരണങ്ങൾ വാങ്ങിയിരുന്നത് അഞ്ചുതെങ്ങിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോട്ടയിൽ നിന്നായിരുന്നു. അതിന് പകരം നല്കിയിരുന്നതാകട്ടെ, നെടുമങ്ങാടൻ മലയോരങ്ങളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളകും.

കുരുമുളക് സുഗമമായി കൊണ്ടുപോകാൻ നിർമ്മിച്ച രാജവ്യാപാര പാതയാണിത്. നിലവിൽ വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുഷ്കകരമായ റോഡായിരുന്നു.

നവീകരണം പൂർത്തിയാക്കുന്ന റോഡ് വെമ്പായത്ത് നിന്ന് ആറ്റിങ്ങൽ വഴി അഞ്ചുതെങ്ങിലേക്കും പഴകുറ്റിയിൽ കരിപ്പൂരേക്കും നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പഴകുറ്റി - വെമ്പായം - പോത്തൻകോട് - മംഗലപുരം വരെ 20 കിലോമീറ്റർ റോഡ് രണ്ടുവരി പാതയായിട്ടാണ് വികസിപ്പിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനും പാലം നിർമ്മിക്കാനുമായി 121 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഒന്നാം ഘട്ടമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഏഴു കിലോമീറ്റർ നിർമ്മാണത്തിന് 34 കോടി രൂപയാണ് വിനിയോഗിക്കുന്നത്.