
തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് ഇനി തിരികെ പ്രവേശിക്കാനുള്ളത് 35 തടവുകാർ. ഏറ്റവും കൂടുതൽ തടവുകാർ തിരിച്ചെത്താനുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്- 13 പേർ. ഇതിൽ രണ്ടുപേർ അസുഖബാധിതരാണെന്നും ഒരാൾ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുറത്തു നിൽക്കുന്നതെന്നുമാണ് വിശദീകരണം. ചീമേനിയിൽ തുറന്ന ജയിലിൽ രണ്ടുപേരും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ഏഴുപേരും വിയ്യൂർ സെൻട്രൽ ജയിലിൽ 11 പേരും തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടുപേരും മടങ്ങിയെത്താനുണ്ട്. ഇതിൽ 2018ൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിയ പത്തനംതിട്ട സ്വദേശി ഗിരീഷ് (44) ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ജയിൽ അധികൃതർ സ്ഥിരീകരണത്തിനായി പത്തനംതിട്ട പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്താത്തവരെ തിരികെയെത്തിക്കാൻ ജയിൽ അധികൃതർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ കത്ത് നൽകിയിട്ടുണ്ട്.
കൊവിഡ് കാലത്ത് സുപ്രീംകോടതി നിർദ്ദേശ പ്രകാരം 809 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. പകർച്ചവ്യാധി ഭീഷണി അകന്നതോടെ തിരിച്ചെത്താൻ നോട്ടീസ് നൽകിയതിൽ പകുതിയോളം പേർ തിരിച്ചെത്തി. ഇതിനിടെ പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവർ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാൽ കോടതി പറഞ്ഞാൽ മാത്രമേ ജയിൽ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. ഈ ഹർജി കോടതി തള്ളി. തിരികെ ജയിലിലെത്താൻ നൽകിയ സമയം 12ന് വൈകിട്ട് അഞ്ചിന് അവസാനിച്ചതോടെ ടി.പി കേസ് പ്രതികളടക്കം ജയിലുകളിൽ തിരികെ കയറിയിരുന്നു.