kdvr

കടയ്ക്കാവൂർ: റോഡ് നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഇന്റർലോക്ക് ഇടിഞ്ഞ് താഴ്ന്നതോടെ യാത്രാക്ലേശം രൂക്ഷം. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന കീഴതിൽ റോഡിലെ ഇന്റർലോക്കാണ് ഇടിഞ്ഞ് താണത്.

കീഴാറ്റിങ്ങൽ ഇന്ത്യൻ ഓവർസീസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡാണിത്. നാല് മാസങ്ങൾക്ക് മുൻപാണ് ഇന്റർലോക്ക് പാകിയത്. എന്നാൽ മഴയാരംഭിച്ചതോടെ തന്നെ ഇന്റർലോക്ക് ഇടിഞ്ഞുതാണു.

സർക്കാരിന്റെ ജലശ്രീ പദ്ധതിക്ക് വേണ്ടി കുടിവെള്ള വിതരണത്തിനായി പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് റോഡ് വെട്ടിക്കുഴിച്ചിരുന്നു. ഈ കുഴി നികത്താതെയും വേണ്ടത്ര മെറ്റലും മണ്ണുമിട്ട് ഉറപ്പിക്കാതെയുമാണ് ഇന്റർലോക്ക് പാകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്തുതന്നെ പ്രദേശവാസികൾ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇപ്പോൾ പൈപ്പ് ലൈൻ ഇടാൻ കുഴിയെടുത്ത ഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്. റോഡ് അപകടാവസ്ഥയിലായതോടെ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്റർലോക്കുകൾ ഇളകി കിടക്കുന്നത് കാൽനടക്കാരെയും ദുരിതത്തിലാക്കി. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായും ആരോപണമുണ്ട്.