
ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവ് കൊക്കോട്ടേല റോഡ് തകർന്നു. കൊക്കോട്ടേല ജംഗ്ഷൻ വഴി അണിയിലക്കടവിലേയ്ക്ക് കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത സ്ഥിതിയാണ്.
റോഡിന്റെ ഇരുവശങ്ങളിലും ഓട ഇല്ലാത്തത് കാരണം മഴവെള്ളം കെട്ടിക്കിടന്നാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായത്.
ഇപ്പോൾ റോഡിന്റെ നടുക്ക് വെള്ളം കെട്ടി യാത്ര ദുഷ്കരമായി. ഇതുകാരണം പ്രദേശത്ത് റോഡിന്റെ സൈഡുകളിൽ താമസിക്കുന്നവരും ബുദ്ധിമുട്ടിലായി. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം വീടുകളിലേക്ക് തെറിച്ചു വീഴുകയാണ്.
ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും തിങ്ങിപ്പാർക്കുന്ന കാക്കാട്ടേല ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. റോഡ് തകർന്നിട്ടും അധികൃതർ ഈ റോഡിനെ കണ്ടില്ലെന്ന് നടിക്കുകയാണ്.ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കൊക്കാേട്ടേല മൈലമൂട് ചെറുമഞ്ചൽ വഴി ഈഞ്ചപ്പപ്പുരിയിലേക്ക് ബസ് സർവീസുണ്ട്. തകർന്നടിഞ്ഞ, കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരം പിടിച്ചതാണ്.
പല സ്ഥലത്തും റോഡ് ഇല്ലാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലും മരച്ചില്ലകൾ റോഡിലേക്ക് വളർന്നു കിടക്കുന്നത് കാരണം ട്രാൻസ്‌പോർട്ട് ബസ് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിർമ്മാണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ ബസ് സർവീസ് നിറുത്താൻ ആലോചിക്കുകയാണ് ആര്യനാട് ട്രാൻസ്പോർട്ട് ഡിപ്പോ അധികൃതർ.