തിരുവനന്തപുരം: കേരളത്തിന് നിരവധി ഗുസ്തിക്കാരെ സംഭാവന ചെയ്ത തിരുമലയിൽ വീണ്ടുമൊരു ഗുസ്തി മത്സരത്തിന് അരങ്ങൊരുന്നു. പുത്തൻ തലമുറയ്‌ക്ക് കേട്ടറിവ് മാത്രമുള്ള ഗുസ്തിയെ പഴയ പ്രതാപത്തിൽ മടക്കിയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റസ്‌ലിംഗ് അസോസിയേഷനുമായി സഹകരിച്ച് എസ്. സുശീലൻ നായർ ഫൗണ്ടേഷനാണ് ഗുസ്തി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് തിരുമല ജംഗ്ഷനിൽ സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻ കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിൽ ചാമ്പ്യന്മാരായ ഗുസ്തി താരങ്ങളെ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ആനന്ദ് കണ്ണശ്ശ, കെ. അനിൽ കുമാർ, പി.ആർ. രാജേഷ്, ബി. പദ്മകുമാർ, സി.ആർ. സുരേഷ് കുമാർ, ആർ. ജയകുമാർ, ടി.രാജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 50-65,​ 65-86,​ 86-130 കിലോ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ, മത്സരത്തിന്റെ സമാപന സമ്മേളനം എസ്.എ.പി കമൻഡന്റ് ബി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലയിലെ മുൻകാല ഗുസ്തി ചാമ്പ്യന്മാരെ ആദരിക്കും.