
വിഴിഞ്ഞം: ഇടിക്കൂട്ടിലെ വീറുറ്റ പ്രകടനത്തിൽ കടലിന്റെ മക്കൾ വീണ്ടും സുവർണനേട്ടം സ്വന്തമാക്കി. ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമായാണ് തീരത്തിന്റെ താരങ്ങൾ തിളങ്ങിയത്.
ഡാനിയൽ സേവ്യർ, മോണിക്ക നെൽസൺ എന്നിവർ സ്വർണവും റോഷൻ ഷെൽട്ടൺ വെള്ളിയും സഞ്ജയ് ഫ്രാൻസിസ്, ബെക്കഹാം അലക്‌സാണ്ടർ, ഡൂണ സീബക്ക് എന്നിവർ വെങ്കലവും നേടി. സാനിയേലും മോണിക്കയും കഴിഞ്ഞതവണയും സ്വർണം നേടിയിരുന്നു.
ഈ മാസം 20മുതൽ കർണാടകയിലെ ബെല്ലാരിയിൽ നടക്കുന്ന നാഷണൽ അമേച്വർ ചാമ്പ്യൻഷിപ്പിൽ ഇരുവരും പങ്കെടുക്കും. വിഴിഞ്ഞത്തെ സീ ഫൈറ്റേഴ്സ് ബോക്‌സിംഗ് ക്ലബിലെ ആർ. എം. പ്രിയൻ ആണ് പരിശീലകൻ.