
കല്ലമ്പലം:ബി.ജെ.പി സംഘടിപ്പിച്ച കെ -റെയിൽ പ്രതിരോധ യാത്രയുടെ ഭാഗമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ കരവാരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളും വീടുകളും സന്ദർശിച്ചു. കല്ലുകൾ സ്ഥാപിച്ച വീട്ടുകാരുമായി സംസാരിച്ചു. തോട്ടക്കാട് മാടംകോണം പ്രദേശത്ത് മുപ്പതോളം വീടുകൾ സന്ദർശിച്ചു. കെ- റെയിൽ പല വിധത്തിൽ ബാധിക്കുന്നവരുടെ സങ്കടങ്ങൾ മന്ത്രി കേട്ടു. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പരാതികൾ പഠന സംഘത്തോട് തുറന്നു പറയണമെന്നും, ഇക്കാര്യങ്ങൾ രേഖകളിൽ വരുന്നതോടെ കെ -റെയിൽ മൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്ന പിണറായി സർക്കാരിന്റെ വാദം പൊളിയുമെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ, ജില്ലാ ട്രഷറർ എം.ബാലമുരളി, എം.സനോജ്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, വൈസ് പ്രസിഡന്റ് എസ്.സിന്ധു, നിഷാന്ത് സുഗുണൻ, ഇലകമൺ സതീശൻ, പ്രവീൺ കിളിമാനൂർ, ആലംകോട് ധ്യാനശീലൻ, വിവിധ പഞ്ചായത്തുകളിലെ ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.