vinitha

തിരുവനന്തപുരം: രണ്ടു പെൺമക്കളും പറക്കമുറ്റും മുമ്പേ ഭർത്താവ് വേണുഗോപാൽ ഉപേക്ഷിച്ചു പോയെങ്കിലും തോറ്റുകൊടുക്കാൻ വിനിത തയ്യാറായിരുന്നില്ല. വീട്ടുജോലി ചെയ്ത് മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിച്ചു. മൂത്തമകൾ അരുണിമ എൻജിനിയിറിംഗിന് ശേഷം പി.എസ്.സി കോച്ചിംഗിന് പോകുന്നു. ഇളയമകൾ അഞ്ജന കാസർകോട് സെന്റ് ജോർജ് ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു. മക്കളുടെ ജീവിതം കരയ്ക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം വീടെന്ന സ്വപ്നം വിനിതയ്ക്ക് ഇപ്പോഴും അകലെയാണ്. കുന്നുകുഴി ബാർട്ടൺ ഹില്ലിന് സമീപത്തുള്ള ഭർത്താവിന്റെ കുടുംബവീട്ടിലാണ് വിനിതയും മക്കളും താമസിക്കുന്നത്. വേണുഗോപാൽ ഉപേക്ഷിച്ചെങ്കിലും സഹോദരങ്ങൾ, വിനിതയെ വീട്ടിൽ നിന്നിറക്കി വിട്ടില്ല. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ കുന്നുകുഴി വാർഡിൽ വിനിതയുടെ പേരുണ്ടെങ്കിലും നടപടികൾ വൈകുന്നതിൽ ദുഃഖിതയാണിവർ. വിനിത ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മിഷൻ ഓഫീസിൽ താത്കാലിക ഡാറ്റാ എൻട്രി ജീവനക്കാരിയായിരുന്നു. ഇപ്പോൾ വിവരാവകാശ കമ്മിഷൻ ഓഫീസിൽ ടൈപ്പിസ്‌റ്റാണ്. അരുണിമയുടെ എൻജിനീയറിംഗ് പഠനച്ചെലവുകൾ നടത്തിയത് ലോണെടുത്തും കടം വാങ്ങിയുമൊക്കെയായിരുന്നു. ദന്തഡോക്ടറാകണമെന്ന അഞ്‌ജനയുടെ ആഗ്രഹത്തിനും പണമില്ലാതിരുന്നിട്ടും അമ്മ എതിരുനിന്നില്ല. മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും മറ്റുചെലവുകൾ ബാദ്ധ്യതയായതോടെ സ്‌പോൺസറെ അന്വേഷിച്ചു. അങ്ങനെ സി.പി.എം ലാ കോളേജ് മുൻ ബ്രാഞ്ച് സെക്രട്ടറി വഴി മെഡിക്കൽ കോളേജിലെ ത്വക്ക് രോഗവിദഗ്ദ്ധനായ ഡോ. സമദിനെ സ്‌പോൺസാറായി കണ്ടെത്തി. പ്രതിമാസം 5000 രൂപ സ്പോൺസർ അഞ്ജനയ്ക്ക് നൽകുന്നുണ്ട്. ഹൗസ് സർജൻസിക്ക് 1500 രൂപ സ്‌റ്റൈപ്പൻഡും ലഭിക്കുന്നുണ്ട്. അരുണിമയുടെ വിവാഹം സെപ്തംബർ 14ന് ഗുരുവായൂർ സ്വദേശിയുമായി നിശ്ചയിച്ചിരിക്കുകയാണ്.