photo

പാലോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പട്ടയം സ്വന്തമായ സന്തോഷത്തിലാണ് നന്ദിയോട് പഞ്ചായത്തിലെ ചെമ്പൻകോട് കോളനിയിലെ 30 കുടുംബങ്ങളും പെരിങ്ങമ്മല പഞ്ചായത്തിലെ പാലൊളി കോളനിയിലെ 40 കുടുംബങ്ങളും. പട്ടയം ലഭിക്കേണ്ടവർ ഇനിയുമുള്ളതിനാൽ ഊർജിതമായ നടപടികൾ വില്ലേജ് ഓഫീസുകളിൽ നടന്നുവരികയാണ്. ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിലാണ് പാലൊളി കോളനിയിലുള്ള കുടുംബങ്ങൾ കുടിലുകൾ കെട്ടി താമസിക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുമതിയോടെ റവന്യൂ വകുപ്പ് സ്ഥലമേറ്റെടുത്ത് പട്ടയ നടപടികൾ വേഗത്തിലാക്കി. മൂന്ന് സെന്റ് മണ്ണ് എന്ന കോളനിനിവാസികളുടെ സ്വപ്‌നം അങ്ങനെ സഫലമായി.

2000 ഫെബ്രുവരി 26നാണ് ഈ കുടുംബങ്ങൾ പാലൊളി കോളനിയിലെത്തുന്നത്. കുളം, കാവ്, റോഡ് പുറമ്പോക്കുകളിലും വനാതിർത്തികളിലും താമസിക്കുന്നവരുടെ പട്ടയനടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

നെടുമങ്ങാട് താലൂക്ക് തല പട്ടയമേള 17 ന് നെടുമങ്ങാട് ചന്തമുക്കിൽ വച്ച് മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ. രാജൻ വിതരണം ചെയ്യും. അടൂർ പ്രകാശ് എം.പി, എം.എൽ.എ മാരായ അഡ്വ. ഡി. കെ.മുരളി, അഡ്വ.ജി. സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും. 250 പേർക്ക് പട്ടയവും 33 പേർക്ക് കൈവശരേഖയും ചടങ്ങിൽ വിതരണം ചെയ്യും