തിരുവനന്തപുരം: കെ.വി. തോമസ് ടൂറിസം മന്ത്രിയായിരിക്കെ 2003ൽ കെ.ടി.ഡി.സിയുടെ ബോൾഗാട്ടി പാലസും ഹോട്ടലടങ്ങുന്ന എട്ട് ഏക്കർ മലേഷ്യൻ കമ്പനിക്ക് ടെൻഡറുമില്ലാതെ വിൽക്കാൻ കരാറുണ്ടാക്കിയെന്ന് കെ.പി.സി.സി രാഷ്ട്രീയപഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
ഇന്ത്യയിലെ ആദ്യ മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിനാണ് സംയുക്ത സംരംഭത്തിന് കരാറിലേർപ്പെട്ടത്. ഇത് നടപ്പിലാക്കിയിരുന്നുവെങ്കിൽ സർക്കാരിന്റെ അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടമാകുമായിരുന്നു. കെ.ടി.ഡി.സിക്ക് 25 ശതമാനം ഓഹരി മാത്രമായിരുന്നു. 2006ൽ താൻ ചെയർമാനായപ്പോൾ കരാർ അവഗണിച്ച് പ്രോജക്ട് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കി. കേന്ദ്ര സഹായത്തോടെയും ബാങ്ക് ലോണെടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി മറീന ഹൗസും നിർമ്മിച്ചു. 2008ൽ മുഖ്യമന്ത്രി അച്യുതാനന്ദൻ മറീനയ്ക്ക് തറക്കല്ലിട്ടു. 2010ൽ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം നിർവഹിച്ചെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.