വക്കം: വക്കത്തെ ഇട റോഡുകളിൽ അനധികൃതമായും അശാസ്ത്രീയമായും നിർമ്മിച്ചിരിക്കുന്ന ഹംബുകളിൽ അപകടം വിതയ്ക്കുന്നതായി പരാതി. വക്കം ഗ്രാമപഞ്ചായത്ത് ഇട റോഡുകളാൽ സമ്പന്നമാണ്. പ്രധാന റോഡായ നിലയ്ക്കാമുക്ക് - കായിക്കരക്കടവ് റോഡിനെ ബന്ധിപ്പിക്കുന്ന മുപ്പതോളം ഇട റോഡുകൾ തന്നെയുണ്ട്. മറ്റ് ഇട റോഡുകൾ നിരവധി വേറെയും. ഇത്തരം ഇടറോഡുകളിൽ നിർമ്മിച്ച നൂറോളം ഹംബുകളാണിപ്പോഴുള്ളത്. എന്നാൽ വേണ്ടിടത്ത് ഹംബുകൾ സ്ഥാപിച്ചിട്ടുമില്ല. അടുത്തടുത്ത് തന്നെ ഹംബുകൾ ഉള്ള നിരവധി ഇട റോഡുകളും ഇവിടെയുണ്ട്. അശാസ്ത്രീയമായ ഉയരത്തിലും വീതിയിലും നിർമ്മിച്ച ഹംബുകൾ ഇരുചക്ര വാഹങ്ങൾക്കടക്കം ചെറിയ വാഹനങ്ങൾക്കും എന്നും ഭീഷണിയാകുന്നു. ഇതിനു പുറമേ അകലെ നിന്നു ഹംബുകൾ തിരിച്ചറിയുന്നതിനുള്ള സീബ്രാ വരകളും ഇവിടെ കാണാനില്ല. ഇത് അപകടസാദ്ധ്യത ഏറെ വർദ്ധിപ്പിക്കുന്നു. ചെറിയ ഇട റോഡുകളിൽ പോലും അടുത്തടുത്തുള്ള ഹംബുകൾ പലതും സ്വകാര്യ വ്യക്തികൾ അനധികൃതമായി നിർമ്മിച്ചവയാണ്. മഴക്കാലങ്ങളിൽ വക്കം മേഖകളിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ സാധാരണമാണ്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹംബുകളിൽ മിക്കവയും കാണാൻ കഴിയാത്ത അവസ്ഥയാണ്. നിത്യവും ഇത് നിരവധി അപകടങ്ങൾക്ക് കാരണമായി മാറുന്നു. ഹംബുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് നിർമ്മാണമെന്ന് നാട്ടുകാർ പറയുന്നു. ഇത് കണ്ടെത്തി നടപടിയെടുക്കേണ്ട മരാമത്ത് ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതായും ആക്ഷേപമുണ്ട്.