
ആറ്റിങ്ങൽ: 11 വയസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് അഞ്ചുവർഷം തടവും 25000 രൂപ പിഴയും ആറ്റിങ്ങൽ പോക്സോ കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. കല്ലമ്പലം ചരുവിള വീട്ടിൽ ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. 2015ൽ ആണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ പൂച്ച ചത്തുകിടക്കുന്നു എന്നുപറഞ്ഞാണ് ഇയാൾ അയൽവാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. സംഭവത്തെ കുറിച്ച് കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടർന്ന് മാതാവ് കല്ലമ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ അതിവേഗ കോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ആണ് കേസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി. പിഴ തുകയിൽ 15000 രൂപ കുട്ടിക്ക് നൽകണം.