
തിരുവനന്തപുരം: ഭക്തിയും വിശ്വാസവുമില്ലാത്തവരിൽ നിന്ന് ക്ഷേത്രഭരണം ഭക്തരെ ഏല്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അഖില ഭാരത് സന്ത് സമിതി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദണ്ഡി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ദക്ഷിണ ഭാരത സന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിശ്വാസികളല്ലാത്തവരുടെ ഉപജീവനത്തിനുള്ള ഉപാധികളല്ല ക്ഷേത്രങ്ങൾ. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ ശക്തികളാണ് കേരളം ഭരിക്കുന്നത്. ഹിന്ദുമത സ്ഥാപനങ്ങളിൽ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ കൈകടത്തലുകളെന്നും ഇത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇതിനായി ഇതര സന്യാസി സമൂഹത്തെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി ട്രസ്റ്റ് അദ്ധ്യക്ഷനും സന്ത് സമിതി വൈസ് പ്രസിഡന്റുമായ കമൽ നയൻ ദാസ്‌ജി മഹാരാജ് അദ്ധ്യക്ഷനായി. കവടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യാതിഥിയായിരുന്നു. സന്ത് സമിതി സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹർഷി ആമുഖപ്രഭാഷണം നടത്തി. സ്വാമി ആചാര്യ ധർമ്മദേവ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി സുപ്രഭാനന്ദ, സ്വാമി ധർമ്മാനന്ദ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, സ്വാമി ശിവാമൃതാനന്ദപുരി, സ്വാമി സായ് ഈശ്വർ, സ്വാമി ആത്മചൈതന്യ, അശോക് തിവാരി, കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രവിമോചനം എന്ന വിഷയത്തിലെ ചർച്ചയിൽ ടി. പി. സെൻകുമാർ, വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 10.30 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാവും.