train

തിരുവനന്തപുരം:ട്രെയിനുകളുടെ വേഗം കൂട്ടാനും യാത്രാസമയം കുറയ്‌ക്കാനും 68 കിലോമീറ്ററുള്ള എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് നടപടി തുടങ്ങി. എറണാകുളം, മരട്, കുമ്പളം വില്ലേജുകളിൽ 5.87ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 510കോടി രൂപ റെയിൽവേ കെട്ടിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി.

ചെലവ് റെയിൽവേ വഹിക്കുമെന്നും സംസ്ഥാനത്തോട് വിഹിതം ചോദിക്കില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.തൃപാഠി വ്യക്തമാക്കിയിട്ടുണ്ട്. കേരളം പകുതി ചെലവ് വഹിക്കണമെന്ന് ആദ്യം ശഠിച്ചെങ്കിലും 2021ൽ 'വിഷൻ 2024' പദ്ധതിയിൽ ഭൂമിയേറ്റെടുക്കാൻ 510കോടി റെയിൽവേ അനുവദിക്കുകയായിരുന്നു.

കോട്ടയം വഴിയുള്ള ഇരട്ടപ്പാതയ്‌ക്ക് പിന്നാലെ ആലപ്പുഴ വഴിയും ഇരട്ടപ്പാതയാവുന്നതോടെ ട്രെയിൻയാത്ര സുഗമമാവും. കായംകുളം - അമ്പലപ്പുഴ 31കിലോമീറ്റർ പാത ഇരട്ടിപ്പിച്ചെങ്കിലും അമ്പലപ്പുഴ - എറണാകുളം 69കിലോമീറ്റർ ഒറ്റ വരിയാണ്. എറണാകുളം സൗത്തിൽ 376 ട്രെയിനുകൾക്ക് നിയന്ത്രണം വേണ്ടി വരുന്നതിനാൽ യാത്രക്കാർക്ക് സമയനഷ്ടമുണ്ടാവുന്നു. പാതയിരട്ടിപ്പിക്കുന്നതോടെ കൊച്ചി യാത്രയുടെ സമയം കുറയും. ക്രോസിംഗിന് 45മിനിറ്റുവരെ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാകും.

ഭൂവുടമകളിൽ ഭൂരിഭാഗവും പദ്ധതിയെ അനുകൂലിക്കുന്നതായി സാമൂഹ്യാഘാത പഠനറിപ്പോർട്ടിലുണ്ട്. പത്തുവർഷം മുൻപുള്ള എസ്റ്റിമേറ്റ് അടുത്തിടെ പുതുക്കി. തുറവൂർ-അമ്പലപ്പുഴ റീച്ചിൽ മാത്രം 453കോടിയുടെ വർദ്ധനവുണ്ടായി. ഭൂമിവില വർദ്ധനവാണ് എസ്റ്റിമേറ്റ് ഉയർത്തിയത്. ചെലവ് കൂടിയതിനാൽ പിന്മാറാൻ റെയിൽവേ ശ്രമിച്ചെങ്കിലും സംസ്ഥാനത്തിന്റെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഗുഡ്സ് ട്രെയിനുകൾ കുറവായതിനാൽ ലാഭകരമാവില്ലെന്ന് കാട്ടിയും എതിർപ്പുണ്ടായി.

മൂന്ന് റീച്ചുകൾ, 69കിലോമീറ്റർ

 എറണാകുളം–കുമ്പളം 600.82 കോടി

കുമ്പളം–തുറവൂർ 825.37 കോടി

തുറവൂർ–അമ്പലപ്പുഴ 1,281.63 കോടി

ഒഴിപ്പിക്കൽ

മൂന്നു വില്ലേജുകളിലെ 60കുടുംബങ്ങൾ

പുറമ്പോക്കിൽ 21കുടുംബങ്ങൾ

 92 വീടുകൾ, രണ്ട് ക്ഷേത്രങ്ങൾ, ഒരു കുരിശടി

2019

പാതയിരട്ടിപ്പിക്കൽ റെയിൽവേ മരവിപ്പിച്ചു

2021

‌മുംബയ്-കന്യാകുമാരി പാതയുടെ ഭാഗമായതിനാൽ

മരവിപ്പിക്കൽ പിൻവലിച്ചു

2024

മാർച്ചിനു മുൻപ് പൂർത്തിയാക്കേണ്ട പദ്ധതികളിൽപെടുത്തി

ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ)

എളംകുളം-1.0217

മരട്- 1.2486

എറണാകുളം-0.3561

കുമ്പളം-3.2136