otto

പാറശാല: കൂലി തർക്കത്തെ തുടർന്ന് പാറശാലയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ഓട്ടോ അടിച്ച് തകർത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയ പാതയിൽ പാറശാലയ്ക്ക് സമീപം കൊറ്റാമം ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. ഇന്നലെ കാറിൽ എത്തിയ ഒരാൾ ഓട്ടോ സ്റ്റാൻഡിൽ ഉണ്ടായിരുന്ന സന്തോഷ് എന്ന യുവാവിന്റെ ഓട്ടോയിൽ കയറി സമീപത്തെ ഒരു കടയിൽ പോയി വന്നശേഷമുണ്ടായ കൂലി തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് കാറിൽ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ ചേർന്ന് വടി എടുത്ത് സന്തോഷിന്റെ വ്യാകുലമാത എന്ന ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.

കൊറ്റാമം ജംഗ്‌ഷനിൽ ശാസ്താ ക്ഷേത്രത്തിന് എതിർവശത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോയാണ് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും നോക്കിനിൽക്കെ അടിച്ച് തകർത്തത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസും പിൻഭാഗവും അടിച്ച് തകർത്ത ശേഷം മൂവരും ചേർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പാറശാല പൊലീസ് പ്രതികളായ കൊറ്റാമം അജയൻ(36), സുഹൃത്ത് മനു (32) എന്നിവരെ കസ്റ്റഡിയിലെടുത്തു.

പത്ത് വർഷങ്ങൾക്ക് മുൻപും കൊറ്റാമത്ത് നടന്ന മറ്റൊരു ആക്രമണത്തിലെ പ്രതികളാണ് ഇവരെന്ന് ഓട്ടോ സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ പറഞ്ഞു. നിരവധി കേസുകളെ പ്രതിയായ അജയന്റെ നേതൃത്വത്തിലുണ്ടായ അന്നത്തെ സംഭവത്തിലെ പ്രതികൾ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നാണ് ഇവരുടെ ആരോപണം.