
നെയ്യാറ്റിൻകര: അധികൃതരുടെ അനാസ്ഥയും അവഗണനയും കാരണം ഒരു വ്യവസായം കൂടി വിസ്മൃതിയിലേക്ക് കൂപ്പുകുത്തുന്നു. നെയ്യാറ്റിൻകര തൊഴുക്കലിലെ മൺപാത്രനിർമ്മാണമേഖലയാണ് അധികൃതരുടെ അനാസ്ഥകാരണം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലെത്തി നിൽക്കുന്നത്. ഒരു ഡസനിലധികം മൺപാത്ര നിർമ്മാണയൂണിറ്റുകളുണ്ടായിരുന്ന തൊഴുക്കലിൽ ഇപ്പോൾ ശേഷിക്കുന്നത് പകുതിയിൽ താഴെ. ഒരു കാലത്ത് മലയാളികളുടെ ഗൃഹാതുരത്തിന്റെ പ്രതീകമായ മൺപാത്ര നിർമ്മാണ മേഖലയാണ് അധികൃതരുടെ അനാസ്ഥയാൽ വിസ്മരിക്കപ്പെടുന്നത്. ഈ മേഖലയെ പരമ്പരാഗത വ്യവസായപ്പട്ടികയിൽ ഉൾപ്പെടുത്തി നിർമ്മാണമേഖലയ്ക്ക് പുതുജീവൻ നൽകണമെന്ന ആവശ്യം ശക്തം. നാട്ടിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് തമിഴ്നാട്ടിൽ നിന്നുള്ള മെഷീൻ നിർമ്മിത ഉത്പന്നങ്ങളാണ്.
താലൂക്കിൽ നെയ്യാറ്റിൻകരയിലും പാറശാലയിലും പരമ്പരാഗത കളിമൺ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഇതിൽ മൺപാത്രനിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച ഒരു സമുദായത്തിന്റെ നേതൃത്വത്തിലാണ് നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ മൺപാത്ര നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. 500 ഓളം കുടുംബങ്ങളിൽ നിന്ന് 300ഓളം കുടുംബങ്ങളും പാരമ്പര്യമായി ഈ ജോലി തുടരുന്നതവരാണ്. പാറശാലയിൽ നിലവിൽ 3 യൂണിറ്റ് മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും പ്രവർത്തിക്കുന്നത്. കേരള മൺപാത്ര നിർമ്മാണസമുദായ സഭ (കെ.എം.എസ്.എസ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഉപയോക്താക്കൾ തിരിച്ചുവരുന്നു
ഇടക്കാലത്ത് പുതുതലമുറ ആധുനിക രീതിയിലെ ജീവിത ചുറ്റുവട്ടങ്ങളിലേയ്ക്ക് മാറി മൺപാത്രങ്ങളെ ഒഴിവാക്കി പ്ലാസ്റ്റിക്, സ്റ്റീലടക്കമുള്ള മാത്രങ്ങളിലേയ്ക്ക് മാറിയെങ്കിലും ഒരു വിഭാഗം മൺപാത്ര ഉപയോഗം ജീവിതത്തിന്റെ ഭാഗമായി തുടർന്നിരുന്നു. പിന്നീട് ജീവിതശൈലീ രോഗങ്ങളുടെ കടന്നുകയറ്റം വ്യാപകമായതോടെ മൺപാത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധ്യം വന്നതോടെ മലയാളികളിൽ ഭൂരിഭാഗവും വീണ്ടും മൺപാത്ര ഉപയോഗത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
നിർമ്മാണ മേഖലയിലുള്ളവരുടെ പരാതി
15 വർഷങ്ങൾക്ക് മുമ്പ് മൺപാത്രനിർമ്മാണത്തിനാവശ്യമായ കളിമണ്ണ് യഥേഷ്ടം കുഴിച്ചെടുക്കാൻ ബന്ധപ്പെട്ടവരുടെ അനുമതിയുണ്ടായിരുന്നു. മണൽമാഫിയയുടെ കടന്നുകയറ്റത്തോടെയാണ് ഈ മേഖലയിൽ പ്രശ്നങ്ങളും ഉടലെടുത്ത് തുടങ്ങിയത്. നദികളിൽ മണലൂറ്റ് വ്യാപകമായതോടെ നിയമങ്ങൾ കളിമണ്ണ് എടുക്കുന്നതിനെയും ബാധിച്ചു. കളിമണ്ണ് എടുക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥന്റെ സമ്മതപത്രം, പ്രമാണത്തിന്റെ പകർപ്പ്, ജിയോളജി വകുപ്പിന്റെ അനുമതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ വില്ലേജ്, താലൂക്ക്, നഗരസഭ, പൊലീസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ടവരുടെ അനുമതി ഇതെല്ലാം കിട്ടിയാൽ മാത്രമേ ബന്ധപ്പെട്ട ഭൂമിയിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് അനുമതിയുണ്ടാകൂ. ഇതിന് പുറമെ ഓരോ വകുപ്പിലെയും അനുമതിയ്ക്കുളള കാലതാമസവും സാമ്പത്തികചെലവും വേറെ. കളിമണ്ണ് ശുദ്ധീകരിച്ച് മെഷീനുപയോഗിച്ച് മണലുമായി കൂട്ടിയോജിപ്പിച്ച് ഇലാസ്റ്റികത വരുത്തിയാണ് പാത്രനിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇത്തരം കടമ്പകളെല്ലാം കടന്ന് ഒരു പാത്രം നിർമ്മിച്ചെടുക്കുമ്പോഴുണ്ടാകുന്ന ചെലവും ഇതിലെല്ലാമുപരി നിയമങ്ങളിലെ നൂലാമാലകളുമാണ് ഈ മേഖലയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നത്.
സഹായവുമില്ല
സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന ഒരു നിർമ്മാണ യൂണിറ്റിന് വർഷം 50 ടൺ കളിമണ്ണ് ലഭിച്ചാൽ ഒരു വർഷത്തേയ്ക്കുള്ള നിർമ്മാണത്തിന് മതിയാകും. 4000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള മണ്ണ് കടമ്പകളെല്ലാം കഴിഞ്ഞ് യൂണിറ്റിലെത്തുമ്പോൾ ഏകദേശം 20000 രൂപയ്ക്ക് മേലേയാകും. ഇത് നിർമ്മാണവും വിപണനവും തമ്മിലുള്ള അന്തരം കൂട്ടും. മേഖലയെ സഹായിക്കാനായി കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും മേഖലയെ സഹായിക്കാനായി കോർപ്പറേഷന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമുണ്ടായിട്ടില്ലത്രേ.