
പാലോട്: മലയോര മേഖലയുടെ ആശ്രയമായ പെരിങ്ങമ്മല സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെയുള്ളവർ ഡോക്ടറെ കാണണമെങ്കിൽ പതിനൊന്ന് മണി വരെ കാത്തിരിക്കേണ്ട ഗതികേടിൽ. പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്തൊൻപത് ലക്ഷം രൂപ ചെലവഴിച്ച് അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രിക്കാണ് ഈ ദുർഗതി. 9 മണി മുതൽ രണ്ടു മണി വരെയാണ് ഈ ആശുപ്രതിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുക. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് പൊതുജനങ്ങളുടെ പരാതി. പരിമിതമായ യാത്രാ സൗകര്യം മാത്രമുള്ള ആദിവാസി ഊരുകളിൽ നിന്നെത്തുന്ന നിർദ്ധനരായ രോഗികളുടെ ഏക ആശ്രയമായ ആശുപത്രിയാണിത്. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.