kk

വർക്കല: ഇടവിട്ട് പെയ്യുന്ന മഴയിൽ വർക്കല മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചിലയിടങ്ങളിൽ മരങ്ങൾ റോഡിന് കുറുകെ കടപുഴകിവീണത് ഗതാഗത തടസ്സം സൃഷ്ടിച്ചു. വർക്കല നഗരസഭാ പ്രദേശത്തെ കണ്ണംമ്പ സുജിത്ത് ഭവനിൽ ചന്ദ്രിക ദേവിയുടെ ഉടമസ്ഥതയിലുള്ള കിണർ പൂർണമായും ഇടിഞ്ഞുവീണു. 100 അടി താഴ്ചയുള്ള കിണറിന്റെ കൈവരികളും ഗ്രില്ലും ഉൾപ്പെടെ ഉഗ്രശബ്ദത്തോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ പേമാരിക്കിടയിലാണ് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു വീണത്. പ്ലാവഴികം ഉദയൻ കുഴി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ചീലാന്തി മരം റോഡിന് കുറുകെ വീണ് ഗതാഗത തടസ്സം ഉണ്ടായി. വർക്കല സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ഡി. രാജൻ, അംജിത്, രാജീവ്, വിനോദ്, രാംലാൽ, നൗഷാദ് എന്നിവർ ഉൾപ്പെട്ട സംഘം എത്തിയാണ് റോഡിന് കുറുകെ വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഓടയം പറമ്പിൽ ക്ഷേത്രത്തിനു സമീപം ശക്തമായ കാറ്റിൽ റോഡിലേക്ക് ചാഞ്ഞു വീണ മരം വർക്കല ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ചിലക്കൂർ വള്ളക്കടവിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഫയർഫോഴ്സ് ചിലക്കൂർ കടലിലേക്ക് ഒഴുക്കി വിട്ടു. വർക്കല പുന്നമൂട്, ജവഹർ പാർക്ക്, മൈതാനം റെയിൽവേ അടിപ്പാത, എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ടി.എസ് കനാലിൽ ജലനിരപ്പ് ഉയർന്നു. തീരദേശ മേഖലയിൽ ശക്തമായ കടൽ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ചിലക്കൂർ, വള്ളക്കടവ്, റാത്തിക്കൽ, അരിവാളം, പാപനാശം, തിരുവമ്പാടി, ഇടവ, ഓടയം, കാപ്പിൽ ബീച്ചുകളിൽ ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുന്നുണ്ട്. മുന്നറിയിപ്പ് ഉള്ളതിനാൽ വർക്കല തീരമേഖലയിൽ മത്സ്യത്തൊഴിലാളികൾ മത്സ്യ ബന്ധത്തിനായി പോയിരുന്നില്ല. ചെമ്മരുതി, ഇടവ, ചെറുന്നിയൂർ, വെട്ടൂർ,പഞ്ചായത്ത് പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിലും, കൃഷിയിടങ്ങളിലും നേരിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്.