veterinary-hospital-

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി നാലുമുക്കിലെ മൃഗാശുപത്രി പരാധീനതകൾക്കും പരിവട്ടത്തിനും നടുവിലാണ്. ഏതു നിമിഷം വേണമെങ്കിലും നിലം പൊത്താറായ മന്ദിരത്തിലാണ് ഇവിടെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. പ്രതിമാസം 1500 ഓളം പേരാണ് ഇവിടത്തെ ഒ.പിയിൽ എത്തുന്നത്.

വളർത്തുമൃഗങ്ങളുമായി ഇവിടെ എത്തുന്നവർക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല. കന്നുകാലികളെ കെട്ടേണ്ട സ്ഥലത്തെ പില്ലറുകൾ അടർന്നു മാറിയ അവസ്ഥയിലാണ്. ഏതുനിമിഷവും ഇവിടെ അപകടം സംഭവിക്കാം. ഡോക്ടറുടെ മുറിയിൽ ഉൾപ്പെടെ മഴപെയ്താൽ ചോർച്ചയാണ്. ഈ മുറിയിലെ ഫാനിന്റെ ലീഫുകൾ കാലപ്പഴക്കം കൊണ്ട് ഒടിഞ്ഞു തൂങ്ങിക്കിടക്കുകയാണ്. മഴക്കാലമായാൽ ഡോക്ടർക്കും ജീവനക്കാർക്കും വരാന്തയാണ് ശരണമെന്ന് സമീപവാസികൾ പറയുന്നു. വർഷങ്ങൾ പഴക്കമുള്ള വയറിംഗിൽ മെയിന്റനൻസ് പണികൾ നടക്കാത്തതിനാലും മഴവെള്ളവും ചോർച്ചയും കാരണം സ്വിച്ചിൽ തൊട്ടാൽ ഷോക്കടിക്കുന്ന അവസ്ഥയിലാണ്. ഇവിടത്തെ ലൈറ്റുകൾ ഒന്നും പ്രവർത്തിക്കാറില്ല. മഴക്കാലമായാൽ മെഴുകുതിരി വെട്ടത്തിലോ ടോർച്ച് വെട്ടത്തിലോ വേണം ഓഫീസ് പ്രവർത്തനങ്ങൾ നടത്താൻ. ഏകദേശം 10 സെന്റിൽ പ്രവർത്തിക്കുന്ന രണ്ട് ചെറിയ മന്ദിരത്തിൽ നാല് മുറികളാണ് ഇവിടെയുള്ളത്. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും മന്ദിരത്തേ സാരമായി ബാധിച്ചുകഴിഞ്ഞു. അടിയന്തരമായി ഇവിടത്തെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്കോ മറ്റെവിടെയെങ്കിലുമോ മാറ്റണമെന്നും ഇവിടെ പുതിയ മന്ദിരം നിർമിക്കണമെന്നുമാണ് പൊതുജനാഭിപ്രായം.

ഇവിടെ പുതിയ മന്ദിരം നിർമ്മിക്കാനായി സർക്കാർ ഫണ്ട്‌ അനുവദിച്ചെങ്കിലും നിയമക്കുരുക്കിൽപ്പെട്ട് ആ ഫണ്ട്‌ ലാപ്സായി. ഇപ്പോഴും മന്ദിരം നിർമ്മിക്കുന്നതിന് പ്രഥമ ലിസ്റ്റിൽ തന്നെയാണ് ഇവിടത്തെ സ്ഥാനം. നാശത്തോട് മല്ലിടുന്ന ഈ മന്ദിരത്തിൽ ജീവൻ പണയം വച്ചാണ് ജീവനക്കാരും ഇവിടെയെത്തുന്നവരും കഴിയുന്നത്.