തിരുവനന്തപുരം: സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്ദർശന വിലക്ക് പിൻവലിക്കാതെ അധികൃതർ. കൊവിഡിന് മുൻപ് വരെ വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്ത് നിയന്ത്രണങ്ങളൊന്നുമില്ലാതെ വാർഡുകളിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്ക് ആശുപത്രിയിൽ കടക്കാമായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഇത് നിറുത്തലാക്കി. പിന്നീട് കൊവിഡ് തീവ്രത കുറഞ്ഞ് സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് സന്ദർശ വിലക്ക് തുടരുന്ന നിലപാടാണ് ആശുപത്രി സ്വീകരിച്ചത്. അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരടക്കം ഇക്കാര്യമറിയാതെ ബുദ്ധിമുട്ടിലാകുന്നുണ്ട്. പഴയ അത്യാഹിത വിഭാഗം വഴിയാണ് നിലവിൽ പാസുമായെത്തുന്നവരെ കയറ്റി വിടുന്നത്. മുൻപ് പഴയ മോർച്ചറിയുടെ ഗേറ്റ് വഴി പാസ് കാണിക്കുന്നവരെ കയറ്റി വിടാറുണ്ടായിരുന്നെങ്കിലും സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരുമായുള്ള സംഘർഷത്തെ തുടർന്ന് ഇത് നിറുത്തലാക്കി. പാസില്ലാതെയെത്തിയാൽ അത് ഇനി എത്ര അത്യാവശ്യക്കാരനായാലും അകത്തുകടക്കാൻ കഴിയില്ല. നിലവിൽ കേസ് ഷീറ്റിനൊപ്പം നൽകുന്ന പാസിൽ ഒരാൾക്ക് രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി കയറാം. സന്ദർശന വിലക്ക് പിൻവലിക്കണമെന്നാണ് കൂട്ടിരിപ്പുകാരുടെയും രോഗികളുടെയും ആവശ്യം.