വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയ മൂന്നുപേരെ കാണാതായത് വിഴിഞ്ഞം തീരത്ത് ആശങ്കയുണ്ടാക്കിയെങ്കിലും തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് അവർ സുരക്ഷിതരായി എത്തിയത് ആശ്വാസമായി. ശനിയാഴ്ച വൈകിട്ട് വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയ മുഹമ്മദ് ഹനീഫ (60), മീരാസാഹിബ് (45) അൻവർ (43) എന്നിവരെയാണ് മത്സ്യതൊഴിലാളികളും വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഇവർ കടലിൽ വീഴുകയായിരുന്നു. ഒരു പ്ലാസ്റ്റിക്ക് പേപ്പർ ഉയർത്തിപ്പിടിച്ച് മറ്റു വള്ളക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനിടെ ഇന്നലെ പുലർച്ചെ തമിഴ്നാട് ഇരവിപുരത്തിനടുത്ത് 2 നോട്ടിക്കൽ മൈൽ ഉള്ളിൽ സെന്റ് നിക്കോളസ് എന്ന മത്സ്യ ബന്ധന ബോട്ടിലെ ജീവനക്കാർ ഇവരെ കാണുകയായിരുന്നു. ബോട്ടിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. മാർക്കോസ്, ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 10 അംഗ സംഘത്തെ കൂടാതെ കോസ്റ്റൽ പൊലീസ് എ.എസ്.ഐ അജിത്, സി.പി.ഒ മാരായ പ്രസൂൺ, സാദിഖ്, സുനിത്, ജയരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ വള്ളവും വലയും തമിഴ്നാട് ബോട്ട് കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ച ശേഷം മറ്റൊരു വാഹനത്തിൽ വിഴിഞ്ഞത്ത് എത്തിച്ചു. രക്ഷപ്പെട്ടവർ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്ത് എത്തി.