
നെടുമങ്ങാട്: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേളയുടെ ഭാഗമായി നെടുമങ്ങാട് താലൂക്കുതല പട്ടയമേള നാളെ വൈകിട്ട് 4ന് നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടത്തും. മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പട്ടയവിതരണോദ്ഘാടനം നിർവഹിക്കും. 298 പട്ടയങ്ങളാണ് നെടുമങ്ങാട് താലൂക്കിൽ വിതരണത്തിനായി ഒരുങ്ങുന്നത്. പട്ടയമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 268 പട്ടയങ്ങൾ ആണ് പട്ടയമേളയിൽ വിതരണം ചെയ്യുന്നത്. മുൻസിപ്പാലിറ്റിയിലെ ബാക്കി വരുന്ന 38 കുടുംബങ്ങൾക്ക് മുൻസിപ്പാലിറ്റി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയ ഉത്തരവുകളാണ് യോഗത്തിൽ വിതരണം ചെയ്യുന്നത്. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ പറമുട്ടം, ടി.എച്ച്.എസ് മഞ്ച വാർഡുകളിൽ താമസിച്ചുവരുന്ന കുടുംബങ്ങൾ വർഷങ്ങളായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങി നടന്നിരുന്നതാണ്. ഇവർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ മന്ത്രി ജി.ആർ. അനിലിനെ നേരിൽ കണ്ട് സങ്കടം അറിയിച്ചു. തുടർന്ന് മന്ത്രിയും മുൻസിപ്പാലിറ്റി ചെയർപേഴ്സനും റവന്യു ഉദ്യോഗസ്ഥരും നേരിട്ടെത്തി ഈ വർഷം ജനുവരി മാസത്തിൽ പത്താംകല്ല് മുസ്ലിം ജമാഅത്ത് ഹാളിൽ അപേക്ഷകൾ നേരിൽ സ്വീകരിച്ചു. ഇതോടെ ഈ പ്രദേശത്തെ 41 കുടുംബങ്ങളുടെ പട്ടയം പട്ടയമേളയിൽ വച്ചും ബാക്കി 38 പേരുടെ മുൻസിപ്പാലിറ്റി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയ ഉത്തരവും ചൊവ്വാഴ്ച വിതരണം ചെയ്യുന്നു. ഇവരുടെ പട്ടയങ്ങൾ ജൂൺ ആദ്യവാരം പേരുമല വച്ച് മന്ത്രി ജി.ആർ. അനിൽ വിതരണം ചെയ്യും.
സ്വപ്നം യാഥാർത്ഥ്യമാകുന്നു
മുനിസിപ്പാലിറ്റി
നന്ദിയോട് പഞ്ചായത്തിൽ തെന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പാപ്പനംകോട് പാലൊളി കോളനിയിലെ താമസക്കാരായ 40 കുടുംബങ്ങൾക്കും കുറുപുഴ ചെമ്പൻ കോട് കോളനിയിലെ 30 കുടുംബങ്ങളും ഉൾപ്പെടെ 73 പേർക്കും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മുണ്ടേല കാവ്പുറമ്പോക്കിൽ താമസിക്കുന്ന 39 കുടുംബങ്ങൾക്കും ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭ്യമാകും. കഴിഞ്ഞ 3 മാസക്കാലമായി ഉദ്യോഗസ്ഥരും മന്ത്രി അടക്കമുള്ള ജനപ്രതിനിധികളും പരമാവധി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള വലിയ ശ്രമത്തിലായിരുന്നു. വരുന്ന രണ്ടു വർഷത്തിനുള്ളിൽ നെടുമങ്ങാട് മണ്ഡലത്തിലെ മുഴുവൻ പട്ടയ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തലമുറകളായി അന്യമായിരുന്ന സ്വന്തം മണ്ണിന്റെ ഉടമസ്ഥാവകാശത്തിന്റെ ആധികാരിക രേഖയാണ് മുന്നൂറോളം കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നത്.