
ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പാരൂർക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ലാസറും സുഹൃത്തും സഞ്ചരിച്ചിരുന കാർ ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ അപകടമാണ്. രണ്ട് ദിവസം മുമ്പ് ദേശീയപാതയിലെ പാരൂർക്കുഴിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അഞ്ചിലേറെ പേർക്ക് പരിക്ക് സംഭവിച്ചിരുന്നു. തമിഴ്നാട് തക്കല ഭാഗത്ത് നിന്നും ബൈക്കിലെത്തി മാലമോഷ്ടിച്ച് കടന്നുവരുകയായിരുന്ന യുവാക്കൾ അപകടത്തിൽപ്പെട്ട് മരിച്ചതും ദിവസങ്ങൾക്ക് മുമ്പായിരുന്നു. അമിതവേഗതയിൽ കടന്നുവരുന്ന വാഹനങ്ങൾ മഴയത്ത് തെന്നിവീഴുന്നതും അപകടങ്ങൾക്കിടയാക്കുകയാണ്. പള്ളിച്ചൽ - മുടവൂർപ്പാറ ഭാഗത്ത് അപകടസൂചക ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.