
ആറ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം ഒരുങ്ങുന്നു.
കായികവകുപ്പിന്റെ 9 കോടി ഉപയോഗിച്ച് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് ആവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ഫുട്ബാൾ മൈതാനവും 400 മീറ്റർ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. നിർമ്മാണം പൂർത്തിയാകുന്നതോടെ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഏറ്റവും ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയമായി ഇത് മാറും.
സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനായി 7 കോടിയാണ് ചെലവിടുന്നത്. ഫുട്ബാൾ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിൽ ട്രാക്ക് നിർമ്മിക്കുന്നത്. ഇതിനായി ജർമ്മനിയിൽ നിന്ന് വിദഗ്ദ്ധരുമെത്തി. സിന്തറ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ സ്റ്റേഡിയത്തിൽ തയാറായിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായ പെയ്ത മഴയാണ് പണികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.