kk

തിരുവനന്തപുരം:വാച്ച് റിപ്പയർ ചെയ്യുന്ന ഭർത്താവിന്റെ തുച്ഛ വരുമാനംകൊണ്ട് കുടുംബം പോറ്റാൻ കഴിയാതെ വന്നപ്പോൾ, പച്ചിലകൾ ചേർത്തു തയ്യാറാക്കിയ എണ്ണ വില്ക്കാൻ ഇറങ്ങിയ ബിന്ദു കുടുംബശ്രീയിലൂടെ വളർത്തിയെടുത്തത് പ്രതിമാസം രണ്ടു ലക്ഷം രൂപ വരുമാനമുള്ള സ്ഥാപനം. ഒരു കോടി രൂപയുടെ വാർഷിക വരുമാനമാണ് ഇപ്പോഴത്തെ ലക്ഷ്യം.കാൽ നൂറ്റാണ്ടിന്റെ നിറവിലെത്തിയ കുടുംബശ്രീയാണ് പള്ളിച്ചൽ അരിക്കടമുക്കിൽ ബിന്ദുവിന്റെ പോറ്റമ്മ. ഇപ്പോൾ, ആയുരാജ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണെങ്കിലും കുടുംബശ്രീ മേളകളിലെ എണ്ണ വില്പനക്കാരിയുടെ വേഷം മറക്കാനാവില്ല.

മുപ്പത്തി രണ്ടാം വയസിൽ സ്വയം തയ്യാറാക്കിയ എണ്ണയുമായി വില്പനയ്ക്കിറങ്ങിയ ബിന്ദുവിനു മുന്നിൽ എത്തിയ കുടുംബശ്രീ ചെയർപേഴ്സൺ കുടുംബശ്രീയിലേക്ക് ക്ഷണിക്കുകയായിരുന്നു.

2006ൽ പട്ടം സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച മേളയിൽ രണ്ടു മണിക്കൂർ കൊണ്ടു വിറ്റുപോയത് 36 കുപ്പി എണ്ണ.

2008ൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന കുടുംബശ്രീയുടെ ന്യൂട്രിഫെസ്റ്റിൽ സ്വയം നിശ്ചയിച്ച ചേരുവകൾ കൊണ്ടു തയ്യാറാക്കിയ ഔഷധക്കഞ്ഞിയുമായാണ് എത്തിയത്.അന്നു കിട്ടിയത് 20000 രൂപ. അതോടെ ആത്മവിശ്വാസമായി. ആതിര ഹെർബൽ പ്രൊഡക്ടിന്റെ തുടക്കം അങ്ങനെയാണ്.

ബ്രഹ്മിയിട്ട് എണ്ണ കാച്ചുമായിരുന്നെങ്കിലും, വ്യത്യസ്തമായി ജാം, സിറപ്പ്, പായസം, ന്യൂട്രിമിക്സ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ ബ്രഹ്മിയിൽ നിന്നുണ്ടാക്കി.

ഈ വർഷം ആദ്യമാണ് ആയുരാജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. അഞ്ചുപേർക്ക് ജോലി നൽകി. ബ്രഹ്മിത്തോട്ടം വളർത്തുന്നതിലൂടെ നിരവധി സ്ത്രീകൾ പരോക്ഷമായും സഹകരിക്കുന്നു. ഭർത്താവ് പ്രഭുല്ലകുമാറും മക്കളായ ആതിരയും (കർണാടകയിൽ രണ്ടാംവർഷ ആയുർവേദ പഠന വിദ്യാർത്ഥി) അഖിലും (കാര്യവട്ടത്ത് എം കോം വിദ്യാർത്ഥി) എല്ലാക്കാര്യത്തിനും പിന്തുണ നൽകുന്നു.

കൂലിപ്പണിക്കാരനായ പൂജപ്പുര സ്വദേശി സദാശിവൻ നായരുടെയും സുകേശിനിയമ്മയുടെയും നാലുമക്കളിൽ ഇളയവളാണ് നാല്പത്തിയൊൻപതുകാരിയായ ബിന്ദു

2012ലും 14ലും മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും 2016ൽ ദേശീയ പുരസ്കാരവും ബിന്ദു നേടിയിട്ടുണ്ട്.

`കൂലിപ്പണിക്കാരനായ അച്ഛന്റെ കൈയിൽ ദേശീയ അവാർഡ് കൊടുക്കാനായതാണ് അഭിമാന നിമിഷം'.

-ബിന്ദു പള്ളിച്ചൽ