തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചശേഷം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇറങ്ങിയ ചുമട്ടുതൊഴിലാളിയെ കാണാതായി. ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള പാലത്തിന്റെ അടിവശത്തെ തോട്ടിലാണ് ഈറോഡ് കളത്തിൽ വീട്ടിൽ ഡോളി എന്ന സുരേഷിനെ (48) കാണാതായത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച്

പൊലീസ് പറയുന്നത്

ആനയറയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ സുരേഷ് ഞായറാഴ്ച ഉച്ചയ്‌ക്ക് 12ഓടെ രണ്ട് സുഹൃത്തുക്കളുമൊത്ത് കിംസിന് സമീപമുള്ള പാലത്തിനടുത്തുവച്ചാണ് മദ്യപിച്ചത്. സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് പോയശേഷം സമീപവാസിയായ ശശി സുരേഷിനൊപ്പം ചേർന്നു. ഇതിനിടെ തോടിന്റെ മറുകരയിൽ മീൻപിടിക്കാനെത്തിയ പരിചയക്കാരനായ കുട്ടനുമായി മീൻപിടിക്കുന്നതിനെച്ചൊല്ലി സുരേഷ് വാക്കുതർക്കമുണ്ടായി. കുട്ടന്റെ അടുത്തേക്ക് നീന്തിപ്പോകാനായി സുരേഷ് മദ്യലഹരിയിൽ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു. നീന്തലറിയാമായിരുന്നെങ്കിലും ശക്തമായ ഒഴുക്കിൽ ഇയാൾ അപകടത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

സുരേഷ് മുങ്ങിത്താഴുന്നതുകണ്ട് കുട്ടൻ ഭയന്നോടി. കരയിലുണ്ടായിരുന്ന ശശി ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. രാത്രിയായിട്ടും സുരേഷിനെ കാണാതായതോടെ ഭാര്യ ഷീല അയൽവാസികളോട് വിവരം പറഞ്ഞു. തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. രാത്രി തോട്ടിൽ തെരച്ചിൽ നടത്തുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്നലെ രാവിലെ അഞ്ചുപേരടങ്ങുന്ന ഫയർഫോഴ്സിന്റെ സ്‌കൂബാ ഡൈവിംഗ് ടീമും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. വൈകിട്ട് അഞ്ചുവരെ തെരച്ചിൽ നടത്തിയെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം തെരച്ചിൽ അവസാനിപ്പിച്ചു.

ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ ആക്കുളം കായലിലും തെരച്ചിൽ നടത്തുന്നുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണോ അതോ മറ്റെന്തെങ്കിലും രീതിയിലാണോ സുരേഷിന് അപകടമുണ്ടായതെന്ന് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിക്കുന്നുണ്ട്. സുരേഷിനൊപ്പം മദ്യപിച്ച സുഹൃത്തുകളെ കണ്ടെത്തി മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി സുരേഷ് ആനയറയിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ഷീല. സുരാജ്, ശ്രീരാജ് എന്നിവരാണ് മക്കൾ.