കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ്‌ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇന്നലെ നിശബ്ദ പ്രചാരണവും അവസാനിപ്പിച്ച് കൂട്ടിയും കിഴിച്ചും സ്ഥാനാർത്ഥിമാർ ഉറക്കമിളച്ചു. രാത്രി വൈകിയും ഫോണിലൂടെ പലരെയും ബന്ധപ്പെട്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനുവരെ സാദ്ധ്യയുള്ള മരുതിക്കുന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നേതാക്കൾ.

സ്ഥാനാർത്ഥികളിൽ നാലുപേരും വിജയ പ്രതീക്ഷയിലാണ്. എൽ.ഡി.എഫിൽനിന്ന് എച്ച്. സവാദും, യു.ഡി.എഫിന്റെ ബി.രാമചന്ദ്രനും, ബി.ജെ.പിയിൽനിന്ന് ഐ.ആർ. രാജീവും, എസ്.ഡി.പി.ഐയുടെ എം.നസീറുദ്ദീനുമാണ് മത്സരിക്കുന്നത്.പോക്സോ കേസിൽ പ്രതിയായ സി.പി.എമ്മിലെ എസ്. സഫറുള്ള അംഗത്വം രാജിവച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് . ഇതോടെ സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും സീറ്റുകൾ തുല്യമായി. അതിനാൽ ഈ തിരഞ്ഞെടുപ്പ് ഇരുകക്ഷികൾക്കും നിർണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സഫറുള്ള ജയിച്ചത്. എസ്.ഡി.പി.ഐയായിരുന്നു രണ്ടാം സ്ഥാനത്ത്. ബി.ജെ.പി മൂന്നാമതും. കോൺഗ്രസ് നാലാമതുമായി. അതുകൊണ്ടുതന്നെ കോൺഗ്രസിന് പഞ്ചായത്ത്‌ ഭരണവും നഷ്ടമായി.സഫറുള്ളയുടെ രാജിക്കും ഉപതിരഞ്ഞെടുപ്പിനും മുറവിളികൂട്ടിയ കോൺഗ്രസ് ഏതു വിധേനയും ഇക്കുറി ജയിച്ച് പഞ്ചായത്ത്‌ തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ്. 5 സീറ്റുകളുള്ള ബി.ജെ.പിയാകട്ടെ അംഗബലം കൂട്ടാനുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 30 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തിയ എസ്.ഡി.പി.ഐ ഇത്തവണ വാർഡ്‌ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.