vld-1

വെള്ളറട: കാർ തടഞ്ഞുനിറുത്തി അച്ഛനെയും മകനെയും ആക്രമിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കിളിയൂർ അജിൻ ഭവനിൽ അലീബർ (54),​ മകൻ അജിൻ (32)​ എന്നിവരെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി കിളിയൂർ അനുഭവനിൽ അനു മോഹ​നെയാണ് (31) കഴിഞ്ഞദിവസം വെള്ളറട പൊലീസ് പിടികൂടിയത്.

ഏപ്രിൽ 23ന് മേലേമുക്കിൽവച്ച് കാർ തടഞ്ഞുനിറുത്തി ബൈക്കിലെത്തിയ അഞ്ചംഗ സംഘം കമ്പിയും മാരകായുധങ്ങളും ഉപയോഗിച്ച് അലീബറിനെയും അജിനെയും ആക്രമിക്കുകയായിരുന്നു. മൂക്കിന് ഗുരുതര പരിക്കേറ്റ അലീബർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റു പ്രതികൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.