
തിരുവനന്തപുരം: സംസ്ഥാനത്തെ ഫാമുകൾ സർക്കാർ തകർക്കുകയാണെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിൽ കേരളത്തിൽ ഏകദേശം 88ഓളം ഫാമുകളുണ്ട്. തൊഴിലാളികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ചുനൽകിയ ശമ്പള പരിഷ്കരണ റിപ്പോർട്ട് സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്. കൂടാതെ വികസനത്തിന് ഫണ്ട് നൽകാതെ ഫാമുകളെ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ഗവൺമെന്റ് ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോട് രവി. പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. അഡ്വ. വിതുര ശശി, മണ്ണറ വേണു, ഡി. രഘുനാഥൻ നായർ, കെ. അപ്പു പാലക്കാട്, കെ.ഡി. ഇമ്മാനുവൽ തൊടുപുഴ, രഘു വിയ്യപുരം, യാക്കോബ് നേര്യമംഗലം, സുരേഷ്‌കുമാർ കളീക്കൽ, സുരേന്ദ്രൻ മുണ്ടേരി, സുബ്രഹ്മണ്യം തവന്നൂർ, ഡി. വിൻസെന്റ്, കൃഷ്ണമണി എന്നിവർ പങ്കെടുത്തു. തൊഴിലാളികൾക്ക് സറണ്ടർ ആനുകൂല്യം നൽകുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ദിവസവേതനക്കാരെ കാഷ്വലാക്കുക, മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.