road

കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ സിവിൽ സ്റ്റേഷന് സമീപത്തുള്ള റോഡിലെകുഴി അപകടക്കെണിയാകുന്നു. സംസ്ഥാനപാതയിൽ നിന്നും തൊളിക്കുഴി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയിൽ വെള്ളം നിറഞ്ഞതോടെ ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത് നിത്യ സംഭവമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങളാണിവിടെ അപകടത്തിൽ പെട്ടത്. മിനിസിവിൽ സ്റ്റേഷനു മുന്നിൽ നിന്നും ആരംഭിക്കുന്ന തൊളിക്കുഴി റോഡിന്റെ തുടക്കത്തിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് കുഴിയുണ്ടായത്. കഴിഞ്ഞദിവസവും ഇരുചക്രവാഹനത്തിൽ ഇതുവഴി കുട്ടിയുമായിപോയ യുവതി ഈ കുഴിയിൽ വീണു അപകടത്തിൽ പെട്ടതായി നാട്ടുകാർ പറഞ്ഞു. അപകടങ്ങൾ നിത്യ സംഭവമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി കുഴി നികത്തി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.