തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മൂന്ന് പവനും 30,000 രൂപയുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ 4.45ന് മധുരയിൽ നിന്നെത്തിയ അമൃത എക്‌സ്‌പ്രസിലാണ് സംഭവം. കഴക്കൂട്ടം കുളത്തൂർ സ്വദേശി രാജലക്ഷ്‌മിയുടെ ബാഗാണ് നഷ്ടമായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിലേയ്‌ക്ക് ട്രെയിനെത്തുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരിലൊരാൾ കവർച്ച നടത്തിയത്.
ഏരീസ് പ്ളസ് തിയേറ്ററിന് സമീപമെത്തിയ ട്രെയിൻ വേഗത കുറഞ്ഞ് നീങ്ങുന്നതിനിടെ ഇറങ്ങാൻ തയ്യാറായി നിന്ന രാജലക്ഷ്മിയുടെ കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് പുറത്തേക്ക് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.
രാജലക്ഷ്‌മിയും കുടുംബവും പളനിയിൽ പോയി മടങ്ങുകയായിരുന്നു. സമീപമുള്ള സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായില്ല. കൂടുതൽ സി.സി ടിവികൾ കേന്ദ്രീകരിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.