തിരുവനന്തപുരം: ദുരന്തനിവാരണ അതോറിട്ടിയുടെ പ്രവർത്തനങ്ങൾ മുന്നറി​യി​പ്പുകൾക്കനുസരി​ച്ച് ക്രമപ്പെടുത്തുമെന്നും എല്ലാ താലൂക്കുകളി​ലും ദ്രുതപ്രതികരണ സേന രൂപീകരി​ച്ചി​ട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ വിനീത് അറി​യി​ച്ചു. അലെർട്ടുകൾക്കനുസരി​ച്ച് എൻ.ഡി.ആർ.എഫ്, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവർക്ക് വി​വരങ്ങൾ കൈമാറും. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള അമ്പൂരി​ പോലെയുള്ള ഇടങ്ങളി​ൽ ക്യാമ്പുകൾ സജ്ജമാണ്.

ഓറഞ്ച് അലെർട്ടി​ൽ മുൻകരുതലായി​ ആളുകളെ മാറ്റി​ പാർപ്പി​ച്ചു. ക്യാമ്പുകൾക്കായി ചില കേന്ദ്രങ്ങൾ സജ്ജമാക്കി താക്കോലുകളടക്കം കരുതിയിട്ടുണ്ട്. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും രൂപീകരി​ച്ചു. റവന്യു, ഫയർ പൊലീസ്, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ് എന്നിവരുൾപ്പെടുന്ന അപകട പ്രതികരണ ടീമിന്റെ പ്രവർത്തനങ്ങളും സജീവമാണ്. നഗരത്തിലെ വെള്ളപ്പൊക്ക സാദ്ധ്യതയുള്ള 60 ഓളം ഇടങ്ങളിൽ 40ഓളം പ്രതിരോധ പദ്ധതി​കൾ നടപ്പിലാക്കുന്നുണ്ട്. നദി​കളുടെ ശുചീകരണമുൾപ്പെടെ ഏറക്കുറെ പൂർത്തിയായി.