പാറശാല: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കൊല്ലയിൽ ന്യൂസ് എന്ന ലോക്കൽ ചാനലിന്റെ ലേഖകനായ അനീഷിനും മറ്റൊരു ബൈക്കിലെ യാത്രക്കാരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് 6.45 ന് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തു വച്ചാണ് അപകടം. ധനുവച്ചപുരം സ്‌കൂൾ ജംഗ്‌ഷനിൽ നിന്ന് പഞ്ചായത്ത് ജംഗ്‌ഷനിലേക്ക് വരവേ പിറകെ നിന്ന് അമിതവേഗത്തിൽ വന്ന ബൈക്ക് രണ്ട് ബൈക്കുകളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

രണ്ട് ബൈക്കുകളിലേയും യാത്രക്കാരായ മൂന്ന് പേരും റോഡിൽ തെറിച്ച് വീണു. ഉടൻ നാട്ടുകാർ 108 ആംബുലൻസിൽ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിന് കാരണമായ ബൈക്കിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.