
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജോലിക്കിടെ ട്രെയിനിനടിയിൽപ്പെട്ട് റെയിൽവേ എൻജിനിയറുടെ കാലറ്റു. സീനിയർ സെക്ഷൻ എൻജിനിയർ റാംശങ്കറിന്റെ ( 47) വലതുകാലാണ് അറ്റുപോയത്. അപകടത്തിൽ അപ്രന്റിസ് മിഥുൻ കൃഷ്ണയ്ക്കും (25) പരിക്കേറ്റു.
ഇന്നലെ രാത്രി 7.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ കിള്ളിപ്പാലത്തെ ഷണ്ടിംഗ് യാർഡിന് സമീപമായിരുന്നു അപകടം. കുർള എക്സ്പ്രസ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. റെയിൽവേ പാളത്തിൽ നിന്നാണ് റാംശങ്കറിന്റെ കാൽ കണ്ടെടുത്തത്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കാൽ തുന്നിച്ചേർക്കാനായില്ല.
പരിക്കേറ്റ മിഥുനും മറ്റൊരു സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണാണ് മിഥുന് പരിക്കേറ്റത്. ഇയാളുടെ ശരീരത്ത് ചതവുകളുമുണ്ട്. ഇരുവരെയും റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ മാലിന്യവും ചവറുകളും കൂടിക്കിടക്കുന്നുണ്ടെന്നറിഞ്ഞാണ് റാംശങ്കറും മിഥുനും കൂടി പരിശോധനയ്ക്കായി പോയത്. ഈ സമയം ട്രെയിൻ വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇടിച്ചത് അമൃത എക്സ്പ്രസാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് കുർള എക്സ്പ്രസാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ രാജേഷ് ചന്ദ്രൻ പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു.