കല്ലമ്പലം: പുതുശ്ശേരിമുക്ക്, ഇടവൂർക്കോണം, പാവല്ലപള്ളി ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. കഴിഞ്ഞ ശനിയാഴ്ച രാത്രി മുടങ്ങിയ വൈദ്യുതി തിങ്കൾ രാവിലെയാണ് പുന:സ്ഥാപിച്ചത്. അധികൃതരുടെ അലസതയാണ് ഇതിനു കാരണമെന്ന്‍ നാട്ടുകാർ ആരോപിച്ചു. ഞായർ രാത്രി വൈദ്യുതി പുന:സ്ഥാപിക്കാതെവന്നതോടെ പ്രദേശവാസികൾ രാത്രി കെ.എസ്.ഇ.ബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ വിവരങ്ങൾ ധരിപ്പിച്ചു. വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചത്. അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ വിളിച്ചാൽ എടുക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കി. റംസാൻ മാസത്തിലും ഇതേ അവസ്ഥ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബില്ലടയ്ക്കാൻ വൈകിയാൽ ഫ്യൂസ് ഊരാൻ കാട്ടുന്ന ശുഷ്കാന്തി പ്രശ്നം പരിഹരിക്കുന്നതിലും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.